വൃദ്ധയെ കൊന്ന് അലമാരയിൽ ഒളിപ്പിച്ച സംഭവത്തിൽ ആറു വർഷത്തിന് ശേഷം മകളും കൊച്ചുമകനും അറസ്റ്റിലായി. കെങ്കേരി സാറ്റലൈറ്റ് ടൗണിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവമോഗ സ്വദേശി ശശികല ( രാധ -50), മകൻ സഞ്ജയ് (27) എന്നിവരാണ് മഹാരാഷ്ട്രയിലെ കോലാപുരിൽ പിടിയിലായത്. ശശികലയുടെ അമ്മ ശാന്തകുമാരിയെ (70) ബെംഗളൂരുവിലെ വീട്ടിൽ കൊലപ്പെടുത്തിയത് 2016 ഓഗസ്റ്റ് 17-നാണെന്നാണ് പോലീസ് കണ്ടെത്തൽ. 2017 മേയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാരയിൽ കരിയും ഉപ്പും പൊതിഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. പിന്നീട് സഞ്ജയ്യും ശശികലയും മുങ്ങി.
കുറേനാളുകൾക്കുശേഷം വീട്ടുടമ എത്തി പരിശോധിച്ചപ്പോൾ കുടുംബത്തെ കണ്ടില്ല. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണത്തിൽ 2017-ൽ സഞ്ജയുടെ സുഹൃത്ത് നന്ദിഷ് അറസ്റ്റിലായി. മൃതദേഹം ഒളിപ്പിക്കാൻ നന്ദിഷാണ് സഹായിച്ചത്. സഞ്ജയ് വീട്ടിൽ മറന്നുവെച്ച മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചായിരുന്നു നന്ദിഷിനെ അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം സഞ്ജയ് ആധാർ കാർഡ് ഉപയോഗിച്ച് കോലാപൂരിൽ ബാങ്ക് അക്കൗണ്ട് തുറന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ബാങ്കിന്റെ കോലാപൂരിലെ ശാഖയിൽനിന്ന് സഞ്ജയ്യുടെ വിലാസം ശേഖരിച്ച് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. കോലാപുരിൽ ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു അമ്മയും മകനും.