കാത്തിരിപ്പുകൾക്കൊടുവിൽ ഗൂഗിൾ പിക്സൽ 7 സീരിസിലുള്ള ഫോണുകൾ കമ്പനി അവതരിപ്പിച്ചു. നേരത്തേ ചോർന്ന ഫോണിൻ്റെ ചിത്രങ്ങളും സവിശേഷതകളുമെല്ലാം ശരിവെക്കുന്നതാണ് റിപ്പോർട്ടുകൾ.
പിക്സൽ 7, 7 പ്രോ എന്നിവ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഈ വർഷം തന്നെ ലഭ്യമാകും എന്നതാണ് ഇവൻ്റിൽ നിന്നുള്ള ഏറ്റവും വലിയ അപ്ഡേറ്റ്. എന്നാൽ, ഗൂഗിൾ ഇക്കാര്യം നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നതിനാൽ ഇത് എല്ലാവരും പ്രതീക്ഷിച്ചതു തന്നെ ആയിരുന്നു. ഗൂഗിളിൻ്റെ ആദ്യ സ്മാർട്ട് വാച്ചായ ഗൂഗിൾ പിക്സൽ വാച്ചും പരിപാടിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗ്യാലക്സി വാച്ചിനും ആപ്പിൾ വാച്ചിനും വെല്ലുവിളി ഉയർത്താൻ പോകുന്നതാണ് ഗൂഗിളിൻ്റെ സ്മാർട്ട് വാച്ച്.
പുതിയ ടെൻസർ ജി2 ചിപ്പ് അടങ്ങിയ പിക്സൽ 7 ഫോണിൻ്റെ മുൻ ക്യാമറയിൽ ചില മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പിക്സൽ 6 ഫ്ലാഗ്ഷിപ്പ് ലൈനപ്പിൽ നിന്ന് വ്യത്യസ്തമായി ഡിസൈനിലും ചെറിയ മാറ്റങ്ങൾ കമ്പനി പരീക്ഷിച്ചിട്ടുണ്ട്.
599 ഡോളറാണ് (ഏകദേശം 48000 ഇന്ത്യൻ രൂപ) ഗൂഗിൾ പിക്സൽ 7ൻ്റെ വില. 8 ജിബി റാം സഹിതമാണ് ഇത് ലഭിക്കുക. വില കൂടിയ പതിപ്പായ 7 പ്രോയ്ക്ക് 899 ഡോളർ (ഏകദേശം 72000 ഇന്ത്യൻ രൂപ) ചെലവാകും. പിക്സൽ 7 സീരിസിലെ രണ്ടു ഫോണും അടുത്ത ആഴ്ച മുതൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇവ രണ്ടും 8 ജിബി + 128 ജിബി, 12 ജിബി + 128 ജിബി വേരിയൻ്റുകളിൽ ലഭ്യമാകും. ഇവയ്ക്ക് യഥാക്രമം 59999 രൂപ, 84999 രൂപ എന്നിങ്ങനെ ആയിരിക്കും വില. ക്യാഷ്ബാക്ക് ഓഫറുകളും കിഴിവുകളും കണക്കിലെടുത്താൽ വില കുറയും. ഒക്ടോബർ 13 മുതൽ ഫോൺ ലഭ്യമാകും.
പിക്സിൽ 7-ന് എഫ്എച്ച്ഡി+ റെസല്യൂഷനും 90 ഹേട്സ് റിഫ്രഷ് റേറ്റുമുള്ള 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ ആണുള്ളത്. 8 ജിബി റാമിനോടൊപ്പം പുതിയ ഗൂഗിൾ ടെൻസർ ജി2 ചിപ്പ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ഇരട്ട പിൻ ക്യാമറയുള്ള ഫോണിലെ പ്രധാന ക്യാമറ 50 മെഗാപിക്സലിൻ്റെ ഷൂട്ടറും രണ്ടാമത്തേത് 12 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ്. 11 മെഗാപിക്സൽ അൾട്രാ വൈഡ് സെൽഫി സ്നാപ്പർ ക്യാമറയാണ് മുന്നിലുള്ളത്.
4270 എംഎഎച്ച് ബാറ്ററി സഹിതം എത്തുന്ന ഫോൺ 30 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. രണ്ട് പിക്സൽ 7 ഫോണിലും ഗൂഗിളിൻ്റെ ടൈറ്റാൻ സുരക്ഷാ ചിപ്പ് ഉണ്ടാകും.
പിക്സൽ 7 പ്രോയിൽ ക്യുഎച്ച്ഡി+ റെസല്യൂഷനും 120 ഹേട്സ് റിഫ്രഷ് റേറ്റ് സ്ക്രീനുമുള്ള 6.7 എൽടിപിഒ ഡിസ്പ്ലേയാണുള്ളത്. എന്താണ് ഫോണിൽ ഉപയോഗിക്കുന്നത് എന്നതിനനുസരിച്ച് 10 – 120 ഹേട്സുകൾക്കിടയിൽ റിഫ്രഷ് റേറ്റ് മാറിക്കൊണ്ടിരിക്കും. 12 ജിബി റാമിനോടൊപ്പം പുതിയ ഗൂഗിൾ ടെൻസർ ജി2 ചിപ്പ്സെറ്റ് ഉപയോഗിക്കുന്നത് കാരണം ഫോണിൻ്റെ പ്രകടനം കൂടുതൽ മെച്ചമായിരിക്കും. 7 പ്രോയിൽ പിന്നിൽ ഒരു ക്യാമറ കൂടിയുണ്ട്. 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിങ്ങനെയാണ് പിന്നിലെ മൂന്ന് ക്യാമറകൾ. മുന്നിൽ 11 മെഗാപിക്സൽ സെൽഫി സ്നാപ്പറാണ് ഉള്ളത്.
30 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണിൻ്റെ ബാറ്ററി 5000 എംഎഎച്ച് ആണ്. വയർലെസ് ചാർജിംഗ് ഓപ്ഷനുമുണ്ട്.