ഡൽഹി: സ്‌കൂളിലെ ശുചിമുറിയിൽ 11 വയസുകാരിയായ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

0
73

ഡൽഹിയിലെ സ്‌കൂളിലെ ശുചിമുറിയിൽ 11 വയസുകാരിയായ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. മുതിർന്ന ക്ലാസിലെ രണ്ട് ആണ്‍കുട്ടികളാണ് സംഭവത്തിലെ പ്രതികള്‍. കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം നടന്നതെന്നും കേസെടുത്തിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജൂലൈയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിയ്ക്കുന്നത്‌. സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) ഇടപെട്ടതോടെയാണ് പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസിനെ സമീപിച്ചത്. ചൊവ്വാഴ്ച്ച സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. ഇരയായ പെണ്‍കുട്ടി ചൊവ്വാഴ്ച പരാതി നൽകിയതായും ഉടൻ തന്നെ കേസെടുത്തതായും പോലീസ് അറിയിച്ചു.

സംഭവം ഗൗരവമുള്ള വിഷയമാണെന്ന് വിശേഷിപ്പിച്ച ഡിസിഡബ്ല്യു, ഡൽഹി പോലീസിനും സ്കൂൾ പ്രിൻസിപ്പലിനും വിഷയത്തിൽ നോട്ടീസ് അയച്ചു. സംഭവം പോലീസിൽ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഡൽഹിയിലെ ഒരു സ്‌കൂളിനുള്ളിൽ 11 വയസ്സുള്ള വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായുള്ള ഗുരുതരമായ കേസ് ലഭിച്ചിട്ടുണ്ടെന്ന് DCW ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞു. സ്‌കൂൾ അധ്യാപകൻ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ആരോപണം. തലസ്ഥാനത്തെ പെണ്‍ കുട്ടികൾ സ്കൂളുകളില്‍ പോലും സുരക്ഷിതമല്ലെന്നത് വളരെ ദൗർഭാഗ്യകരമാണ് എന്നും അവര്‍ പറഞ്ഞു. .

വിഷയത്തിൽ കർശന നടപടി വേണമെന്നും ഈ വിഷയത്തിൽ സ്കൂൾ അധികൃതരുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും മാലിവാൾ ആവശ്യപ്പെട്ടു.

കമ്മീഷൻ പറയുന്നതനുസരിച്ച് സംഭവം നടന്നത് ഇപ്രകാരമാണ്. ജൂലൈയിൽ തന്‍റെ ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ തന്‍റെ സ്‌കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളുമായി കൂട്ടിയിടിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പറഞ്ഞു.

“സംഭവത്തില്‍ ആൺകുട്ടികളോട് താൻ ക്ഷമാപണം നടത്തിയെന്നും എന്നാൽ അവർ തന്നെ അപമാനിക്കാനാണ്‌ ശ്രമിച്ചത് എന്ന് പെണ്‍കുട്ടി പറഞ്ഞു. കൂടാതെ, അവര്‍ തന്നെ ടോയ്‌ലറ്റിനുള്ളിലേക്ക് കൊണ്ടുപോയി, വാതിൽ അകത്ത് നിന്ന് പൂട്ടി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം ഒരു അധ്യാപികയെ അറിയിച്ചപ്പോൾ, ആൺകുട്ടികളെ പുറത്താക്കിയതായി അറിയിയ്ക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു”, ഡിസിഡബ്ല്യു പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാല്‍, പീഡനത്തിനിരയായ പെൺകുട്ടിയോ മാതാപിതാക്കളോ സ്കൂൾ പ്രിൻസിപ്പലിനെ സംഭവം അറിയിച്ചിട്ടില്ല, സംഭവത്തിന് ശേഷം നടന്ന രക്ഷാകർതൃ-അധ്യാപക മീറ്റിംഗിലും വിഷയം ഉന്നയിച്ചിട്ടില്ല, പോലീസ് അന്വേഷണത്തെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്നും കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) അധികൃതർ വ്യക്തമാക്കി.

“പോലീസ് അന്വേഷണത്തിലൂടെ മാത്രമാണ് പ്രശ്നം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഡൽഹി പോലീസിന്‍റെ നടപടികളിൽ ഞങ്ങൾ സഹകരിക്കുന്നുണ്ട്,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപക ജീവനക്കാരെയും സംശയിക്കുന്ന വിദ്യാർത്ഥികളെയും ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.