രാജരാജ ചോളൻ ഒരു ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് കമൽ ഹാസൻ

0
140

രാജരാജ ചോളൻ ഒരു ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ. ചോള രാജഭരണ കാലഘട്ടത്തിൽ ‘ഹിന്ദു മതം’ എന്നൊരു പദമുണ്ടായിരുന്നില്ലെന്നും കമൽ ഹാസൻ പറഞ്ഞു. തമിഴ് ചരിത്രത്തിന്റെ യഥാർത്ഥ അസ്തിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വെട്രിമാരൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

പൊന്നിയിൻ സെൽവനിൽ മണിരത്‌നം രാജരാജ ചോളനെ ഹിന്ദു രാജാവായാണ് അവതരിപ്പിച്ചതെന്ന വിമർശനവും അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചിരുന്നു. ‘ഇതിനകം നമ്മുടെ പല ഐഡന്റിറ്റികളും മായക്കപ്പെടുകയാണ്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവങ്ങൾ നടന്നു കൊണ്ടേ ഇരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കും. നാം നമ്മുടെ സത്വങ്ങളെ സംരക്ഷിക്കണം’ എന്നാണ് വെട്രിമാരൻ പറഞ്ഞത്.

ഈ പരാമർശത്തെ പിന്തുണച്ചാണ് നടനും നേതാവുമായ കമൽഹാസൻ എത്തിയത്. രാജരാജ ചോളന്റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നു. വൈനവം, ശിവം, സമാനം എന്നിവയുണ്ടായിരുന്നു, ഹിന്ദു എന്ന പദം ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണ്. അത് എങ്ങനെ കൂട്ടായി പരാമർശിക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ചിത്രത്തിലെ അണിയറപ്രവർത്തകർക്കൊപ്പം പൊന്നിയിൻ സെൽവൻ കണ്ട കമൽഹാസൻ, ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫിക്ഷൻ ആഘോഷിക്കേണ്ട നിമിഷമാണിതെന്നും അഭ്യർത്ഥിച്ചു. ചരിത്രത്തെ പെരുപ്പിച്ചു കാണിക്കുകയോ വളച്ചൊടിക്കുകയോ ഭാഷാ പ്രശ്നങ്ങൾ ഇതിലേക്ക് കൊണ്ടുവരുകയോ ചെയ്യരുതെന്നും കമൽഹാസൻ പറഞ്ഞിരുന്നു.