Monday
12 January 2026
20.8 C
Kerala
HomeKeralaപൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കു പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല

പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കു പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല

പൊല്യൂഷൻ സർട്ടിഫിക്കറ്റ് അഥവാ പിയുസി ഇല്ലാത്ത വാഹനങ്ങൾക്കു പമ്പുകളിൽ നിന്ന് ഒക്‌ടോബർ 25 മുതൽ ഇന്ധനം ലഭിക്കില്ലെന്നൊരു വാർത്തയാണ് സാമൂഹിക മാധ്യമങ്ങളെ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പ്രകമ്പനം കൊള്ളിക്കുന്നത്. കാര്യം സത്യം തന്നെയാണ്, എന്നാൽ നിലവിൽ ഈ നിയമം ബാധകമാകുക മലിനീകരണത്തിൽ നട്ടം തിരിയുന്ന ഡൽഹിയിലാണ്. ദേശീയ തലസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഒക്ടോബർ 25 മുതൽ പിയുസി (മലിനീകരണ നിയന്ത്രണ മാനദണ്ഡം) സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പെട്രോളും, ഡീസലും നൽകില്ലെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ഡൽഹിയിലെ മലിനീകരണത്തിൽ വലിയ കുറവ് വരാത്ത സാഹചര്യത്തിലാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയിൽ മലിനീകരണം വർദ്ധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് അമിത വാഹന ഉപയോഗം ആണെന്നാണു വിലയിരുത്തൽ. വാഹനങ്ങളുടെ റീ രജിസ്‌ട്രേഷനടക്കം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും അനധികൃത ഉപയോഗം വർധിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് പുക പരിശോധനയും കളത്തിലെത്തുന്നത്. മലിനീകരണത്തെ ചെറുക്കുന്നതിനും, ഭേദഗതി ചെയ്ത ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (GRAP) ഫലപ്രദവും ഗൗരവമേറിയതുമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനുമായി ഡൽഹി സർക്കാർ 24X7 വാർ റൂം ഒക്ടോബർ മൂന്നിന് ആരംഭിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 6 മുതൽ ഡൽഹിയിൽ പൊടി വിരുദ്ധ കാമ്പയിൻ ആരംഭിക്കുമെന്നും, പൊടി മലിനീകരണം തടയാൻ നിർമാണ സ്ഥലങ്ങളിൽ പെട്ടെന്നുള്ള പരിശോധനകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിക്കു പുറത്തും മലിനീകരണം വർധിക്കുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സമാന നടപടികൾ കൂടുതൽ സംസ്ഥാനങ്ങളും കൈക്കോണ്ടേക്കുമെന്നു റിപ്പോർട്ടുണ്ട്. പക്ഷെ നിലവിൽ ഡൽഹിയിൽ മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. ഡൽഹി സംസ്ഥാന സർക്കാരാണ് നിയമത്തിനു പിന്നിലെന്നതും അറിയേണ്ടതുണ്ട്.

അതേസമയം വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ധനങ്ങളിൽ എഥനോളും, മെഥനോളും കലർത്താനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്. നവംബർ ഒന്നു മുതൽ നിയമപ്രകാരം എഥനോളോ, മെഥനോളോ കലർത്താത്ത പെട്രോളിനും, ഡീസലിനും അധിക നികുതി ചുമത്താനാണ് സർക്കാർ തീരുമാനം.

RELATED ARTICLES

Most Popular

Recent Comments