ഝാര്‍ഖണ്ഡില്‍ നിന്നും കടത്തിയ പ്രായപൂര്‍ത്തിയാകാത്ത 13 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്

0
43

ഝാര്‍ഖണ്ഡില്‍ നിന്നും കടത്തിയ പ്രായപൂര്‍ത്തിയാകാത്ത 13 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്. ഗര്‍ഭിണിയായ 14 വയസുകാരി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത 13 പേരെയാണ് ഡല്‍ഹിയില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ കുട്ടികളില്‍ 12 പേര്‍ പെണ്‍കുട്ടികളാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. മനുഷ്യക്കടത്തില്‍ അകപ്പെട്ട കുട്ടികളെല്ലാം തലസ്ഥാന ന​ഗരമായ റാഞ്ചിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയില്‍ നിന്നുള്ളവരാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ സാമൂഹ്യക്ഷേമ വകുപ്പ്, ശിശു സംരക്ഷണ വകുപ്പ്, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവരുടെ സംയുക്ത സംഘം പ്രായപൂര്‍ത്തിയാകാത്തവരെ രക്ഷിച്ചതായി ഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ റിസോഴ്‌സ് സെന്റര്‍ (ഐആര്‍ആര്‍സി) നോഡല്‍ ഓഫീസര്‍ നചികേത പറഞ്ഞു. കുട്ടികളില്‍ ഒരാള്‍ മൂന്ന് മാസം ഗര്‍ഭിണിയായ 14 വയസ്സുള്ള പെണ്‍കുട്ടിയാണ്. ഈ കുട്ടികള്‍ക്ക് മാത്രമല്ല, ദേശീയ തലസ്ഥാനത്തു നിന്നും മനുഷ്യക്കടത്തില്‍ അകപ്പെട്ടവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും അവര്‍ പറഞ്ഞു.

ഖുന്തി ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രഞ്ജന്റെയും പോലീസ് സൂപ്രണ്ട് അമന്‍ കുമാറിന്റെയും നേതൃത്വത്തിലാണ് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ നടന്നത്. റെയ്ഡുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികള്‍ കണ്ടെത്തിയെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുവരികയും അവരെ പുനരധിവസിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.