യുക്രൈന്‍ ഭാഗങ്ങള്‍ റഷ്യയോട് ചേര്‍ക്കുന്നതിന് എതിരെയുള്ള പ്രമേയം റഷ്യ വീറ്റോ ചെയ്തു പരാജയപ്പെടുത്തി

0
169

യുക്രൈന്‍ ഭാഗങ്ങള്‍ റഷ്യയോട് ചേര്‍ക്കുന്നതിന് എതിരെ യുഎന്‍ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തു പരാജയപ്പെടുത്തി.

വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാഹചര്യങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്ന നിലപാട് സ്വീകരിച്ചാണ് ഇന്ത്യ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ത്തത് നിയമവിരുദ്ധമാണ് എന്നായിരുന്നു യുഎന്‍ പ്രമേയം.

റഷ്യന്‍ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയും അല്‍ബേനിയയുമാണ് പ്രമേയം കൊണ്ടുവന്നത്. യുഎന്‍ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ, പ്രമേയം പരാജയപ്പെട്ടു. ഇന്ത്യക്കൊപ്പം ചൈന, ബ്രസീല്‍, ഗാബോണ്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുക്രൈനിലെ സാഹചര്യങ്ങളില്‍ ഇന്ത്യ ആശങ്കപ്പെടുന്നുണ്ടെന്നും മനുഷ്യ ജീവന്‍ ബലികഴിച്ചതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിര കാംബോജ് പറഞ്ഞു.

അക്രമം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. സമാധനത്തിന്റെ പാതയ്ക്ക് വേണ്ടി എല്ലാ നയതന്ത്ര വാതിലുകളും ഇന്ത്യ തുറന്നിട്ടിരിക്കുകയാണെന്നും രുചിര വ്യക്താക്കി.

റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ഈ പ്രദേശങ്ങള്‍ തീരുമാനിക്കുകയായിരുന്നു എന്നും അവര്‍ തിരിച്ച്‌ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും റഷ്യന്‍ സ്ഥിരാഗം വാസിലി നബേന്‍സിയ പറഞ്ഞു. ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഹിതപരിശോധന നടത്തിയതെന്നും ബലപ്രയോഗം നടത്തിയിട്ടില്ലെന്നും റഷ്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത നാല് പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ക്കുന്ന കരാറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. ജനഹിത പരിശോധനയില്‍ നാല് പ്രദേശങ്ങളിലേയും ജനങ്ങള്‍ റഷ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് റഷ്യയുടെ അവകാശവാദം. ലുഹാന്‍സ്‌ക്, ഡൊണ്‍ടെസ്‌ക്, ഖേര്‍സണ്‍, സപ്പോര്‍ഷ്യ എന്നീ പ്രദേശങ്ങളാണ് റഷ്യയുടെ ഭാഗമായത്.