രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു

0
137

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി കുറഞ്ഞു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഡല്‍ഹിയില്‍ 25.50 രൂപയും കൊല്‍ക്കത്തയില്‍ 36.50 രൂപയും മുംബൈയില്‍ 32.50 രൂപയും ചെന്നൈയില്‍ 35.50 രൂപയുമാണ് കുറച്ചത്. ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ, ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 1,885 രൂപയില്‍ നിന്ന് 1,859 രൂപയായി കുറയും.

കൊല്‍ക്കത്തയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,959 രൂപയാകും. മുംബൈയില്‍ ഒരു യൂണിറ്റ് സിലിണ്ടറിന് 1,844 രൂപയ്ക്ക് പകരം 1,811.50 രൂപയുമാണ് വില. അതേസമയം, ചെന്നൈയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 2009.50 രൂപയാകും ഇന്ന് മുതല്‍ വില. നേരത്തെ 2045 രൂപയായിരുന്നു വില. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. സിലിണ്ടറിന് 91.50 രൂപയാണ് അന്ന് കുറച്ചത്.

എല്ലാ മാസവും രണ്ടുതവണ അവലോകനം

എണ്ണക്കമ്പനികള്‍ എല്ലാ മാസവും എല്‍പിജി സിലിണ്ടറുകളുടെ വില രണ്ടുതവണ അവലോകനം ചെയ്യും. ആദ്യമായി കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില മാസാരംഭത്തില്‍ വിലയിരുത്തും. രണ്ടാമത്തെ അവലോകനം എല്ലാ മാസവും മധ്യത്തില്‍ നടത്തും. ഈ കാലയളവില്‍ ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ മാറ്റത്തിനനുസരിച്ച് എണ്ണക്കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില പുതുക്കി നിശ്ചയിക്കും.