സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

0
150

സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. വയോജന കൗൺസിലുകളെ സമർത്ഥമായി ഉപയോഗിച്ചും വയോജന ക്ലബ്ബുകൾ രൂപീകരിച്ചും വയോജന ഗ്രാമസഭകൾ ഉറപ്പാക്കിയും ഈ മേഖലയിൽ മുന്നേറ്റം കാഴ്ചവെയ്ക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. അന്താരാഷ്ട്ര വയോജനദിന സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനവും വയോസേവന അവാർഡ് സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ കർമ്മശേഷി വിനിയോഗിച്ച് നിരവധി വയോജനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ റവന്യൂ ഡിവിഷനുകളിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ രൂപീകരിച്ച് വിവിധ ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനായെന്നത് അഭിമാനകരമാണ്. വയോരക്ഷ, വയോമിത്രം, വയോമധുരം തുടങ്ങി നിരവധി സുരക്ഷാ പദ്ധതികളാണ് വയോജനങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്നത്. അർഹരായവർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തുന്നതിൽ സന്നദ്ധ സംഘടനകളുടെ ഉൾപ്പെടെ കൂട്ടായ പരിശ്രമം ആവശ്യമാണ് .

സർഗാത്മകതയും അധ്വാനശേഷിയും പഴയതു പോലെ ഉപയോഗിക്കാൻ ആകുന്നില്ലെന്ന വ്യാകുലത വയോധികരെ പലപ്പോഴും അലട്ടുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരെ ചേർത്ത് നിർത്തുകയാണ് സാമൂഹ്യനീതി വകുപ്പെന്നും മന്ത്രി പറഞ്ഞു. ‘തനിച്ചല്ല നിങ്ങൾ; ഒപ്പമുണ്ട് ഞങ്ങൾ’ എന്ന വകുപ്പിന്റെ മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്ന പ്രവർത്തനങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത നിരൂപക ഡോ. എം ലീലാവതിക്കും മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രനും മന്ത്രി സമ്മാനിച്ചു. ലീലാവതിക്ക് വേണ്ടി മകൻ വിനയകുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച വയോജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ വയോസേവന പുരസ്‌കാരത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അർഹമായി. മറ്റു പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.