സ്വർണവും, ക്രിപ്‌റ്റോ കറൻസിയും പണപ്പെരുപ്പത്തെ തോൽപ്പിക്കാനുള്ള ഫലപ്രദ മാർഗങ്ങളാണോ?

0
86

സ്വർണവും, ക്രിപ്‌റ്റോ കറൻസിയും പണപ്പെരുപ്പത്തെ തോൽപ്പിക്കാനുള്ള ഫലപ്രദ മാർഗങ്ങളായാണു വിശേഷിപ്പിക്കുന്നത്. എന്നാൽ പണപ്പെരുപ്പം ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിൽ കുതിക്കുമ്പോൾ ഈ പ്രവചനങ്ങളെല്ലാം എവിടെ നിൽക്കുന്നുവെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 2022- ൽ സ്വർണത്തിനും, ക്രിപ്‌റ്റോയ്ക്കും ഇതുവരെ വലിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ അതിന്റെ എക്കാലത്തേയും ഉയർന്ന നിലവാരമായ 65,000 ഡോളറിൽ നിന്നു 71 ശതമാനത്തോളം താഴെയാണ്.

വെള്ളിയാഴ്ചത്തെ വില കണക്കാക്കുമ്പോൾ സ്വർണത്തിലെ നഷ്ടം ഉയർന്ന തലങ്ങളിൽ നിന്ന് ഏകദേശം 20 ശതമാനത്തോളമാണ്. ഡിജിറ്റൽ ഗോൾഡ് എന്നറിയപ്പെടുന്ന ക്രിപ്‌റ്റോ കറൻസികളെ ഭാവിയുടെ നിക്ഷേപമായാണ് പലരും വിശേഷിപ്പിക്കുന്നത്. സ്വർണത്തിന്റെയും, ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികളുടെയും വിതരണം യുഎസ് ഡോളർ പോലെ തന്നെ വളരെ പരിമിതമാണ്. അധികൃതർക്ക് ഇത് എളുപ്പത്തിൽ വർധിപ്പിക്കാൻ കഴിയും. ഈ സവിശേഷതയാണ് ആസ്തികളുടെ ഖ്യാതി വർധിച്ചുവരുന്ന പണപ്പെരുപ്പത്തെ കൂടുതൽ പ്രതിരോധിക്കുമെന്ന നിലയിൽ വളർത്തിയത്.

2022 ഉം ക്രിപ്‌റ്റോയും

പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താൻ തുടങ്ങിയതിന് ശേഷം, ഈ വർഷം ആദ്യം തന്നെ ക്രിപ്റ്റോകറൻസികളുടെ വില ഇടിഞ്ഞു. ബിറ്റ്‌കോയിന്റെ വില ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു. കൊവിഡ് കാലത്ത് പറന്നുയർന്ന ബിറ്റ്‌കോയിൽ ഈ വർഷം സെപ്റ്റംബർ 23 ന് 18,000 ഡോളറിലെത്തി.

കുറഞ്ഞ പലിശ നിരക്കാണു മറ്റേതൊരു അപകട സാധ്യതയുള്ള നിക്ഷേപങ്ങളേ പോലെയും ക്രിപ്‌റ്റോയ്ക്കും ഇന്ധനമായിരുന്നതെന്നു വ്യക്തം. പണപ്പെരുപ്പം കുറയുന്നതോടെ ഫെഡ് റിസർവ് നിരക്കുകൾ വീണ്ടും താഴെ തലങ്ങളിൽ എത്തുമെന്നാണു വിശ്വാസം. ഇതോടെ ക്രിപ്‌റ്റോ കറൻസികളും ആകർഷകമാകും. അതുവരെ ക്രിപ്‌റ്റോ കറൻസികളും സമ്മർദത്തിലായിരിക്കുമെന്നു വിദഗ്ധർ വിശ്വാസിക്കുന്നു.

2022 ഉം സ്വർണവും

വലിയ പിന്തുണയും, സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയും ഉണ്ടായിരിന്നിട്ടും സ്വർണം പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുകയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,645 ഡോളറിലെത്തി. മാർച്ചിൽ 2,069 ഡോളർ വരെ കുതിച്ചിരുന്നിടത്താണിത്.

ചരിത്രപരമായി പണപ്പെരുപ്പത്തെ നേരിടാൻ സ്വർണത്തിനു സാധിക്കുമെന്നു നിക്ഷേപകർ പറയുമ്പോഴാണു ഈ തകർച്ചയെന്നതും ശ്രദ്ധേയമാണ്.

ദീർഘകാലത്തിൽ സ്വർണത്തിനു നേട്ടം സമ്മാനിക്കാൻ സാധിക്കുമെന്നു തിരുത്തി പറതയണ്ട സമയം അ‌തിക്രമിച്ചിരിക്കുന്നു. ഹ്രസ്വകാലത്ത് സ്വർണത്തിനു വലിയ മുന്നേറ്റങ്ങൾക്കു സാധ്യതയില്ലെന്നാണു നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഡോളറുമായി സ്വർണവും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഡോളർ കുതിച്ചതോടെ സ്വർണത്തിന്റെ ഖ്യാതിക്കു മങ്ങലേറ്റെന്നു വേണം വിലയിരുത്താൻ.

1972 നും 1980 നും ഇടയിൽ സ്വർണം ഔൺസിന് 38 ഡോളറിൽ നിന്ന് 600 ഡോളറിലേക്കു കുതിച്ചിരുന്നു. സ്വർണത്തെ സുരക്ഷിത നിക്ഷേപമെന്ന് ഇന്നും കണക്കാക്കാനുള്ള പ്രധാന കാരണം ഇതാണ്. ഹ്രസ്വകാലത്ത് സ്വർണവില തികച്ചും അ‌സ്ഥിരമായിരിക്കുമെന്നാണു വിലയിരുത്തൽ.