കാബൂളിലെ സ്‌കൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 100 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

0
79

കാബൂളിലെ സ്‌കൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 100 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച്, സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍, കൂടുതലും ഹസാരകളും ഷിയകളും കൊല്ലപ്പെട്ടു. നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.

സ്‌ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ ഏറിയിരുന്നു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇരകളില്‍ കൂടുതലും പെണ്‍കുട്ടികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി എഎഫ്പിയോട് പറഞ്ഞു.

ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി ട്വീറ്റ് ചെയ്തു- ‘ഞങ്ങള്‍ ഇതുവരെ വിദ്യാര്‍ത്ഥികളുടെ 100 മൃതദേഹങ്ങള്‍ എണ്ണിക്കഴിഞ്ഞു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. മൃതദേഹങ്ങളാല്‍ ക്ലാസ് മുറികള്‍ നിറഞ്ഞിരുന്നു. ഇന്ന് മോക്ക് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയായിരുന്നു.’

‘ഈ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ചാവേര്‍ ബോംബാക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, 19 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.’- പോലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.

അഫ്ഗാന്‍ തലസ്ഥാനത്തെ ഷിയാ മേഖലയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കാബൂള്‍ പോലീസ് മേധാവിയുടെ താലിബാന്‍ നിയമിച്ച വക്താവ് നേരത്തെ പറഞ്ഞിരുന്നു. ‘കാജ്’ എന്ന വിദ്യാഭ്യാസ കേന്ദ്രം ആക്രമിക്കപ്പെട്ടു, ഇത് നിര്‍ഭാഗ്യവശാല്‍ മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി,’ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുള്‍ നാഫി ടാക്കൂര്‍ ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകള്‍. ഇവരില്‍ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളായ ഹസാരകളാണ്. തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും (ഐഎസ്) സുന്നി ഇസ്ലാം അനുസരിക്കുന്ന താലിബാനില്‍ നിന്നും ദീര്‍ഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍. അക്രമണത്തെ അപലപിക്കുന്നതായി താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാര്‍മ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുള്‍ നാഫി ടാക്കൂര്‍ പറഞ്ഞു.