രാജ്യത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ജനനനിരക്ക് 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

0
76

രാജ്യത്ത് (India ) കഴിഞ്ഞ 10 വർഷത്തിനിടെ ജനനനിരക്ക് ( fertility rate ) 20 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ആധുനിക ഗര്‍ഭനിരോധന (modern contraceptives) മാര്‍ഗ്ഗങ്ങളുടെ ലഭ്യതയിലും ഉപയോഗത്തിലുമുളള വര്‍ദ്ധനവും സാക്ഷരത ( literacy) കൂടിയതുമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ (എസ്ആര്‍എസ്) 2020 -ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ശരാശരി പൊതു ജനനനിരക്ക് 2008 മുതല്‍ 2010 വരെ 86.1 ആയിരുന്നു. ഇത് 2018-20 ആയപ്പോഴേക്കും 68.7 ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇടിവ് 15.6 ശതമാനമാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളില്‍ ജനനനിരക്ക് 20.2 ശതമാനം കുറഞ്ഞെന്ന് എസ്ആര്‍എസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനനനിരക്കിലെ ഇടിവ് ജനസംഖ്യാ വളര്‍ച്ചയിലെ കുറവിന്റെ സൂചന കൂടിയാണ്. വിവാഹപ്രായം ഉയര്‍ത്തിയത്, സ്ത്രീകള്‍ക്കിടയിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഈ മാറ്റങ്ങൾക്ക് പ്രധാന കാരണങ്ങളായതായി എയിംസിലെ മുന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി മേധാവി ഡോ സുനീത മിത്തല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജനന നിരക്ക് കുറയുന്നതില്‍ സാക്ഷരത വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. നിരക്ഷരരും സാക്ഷരരുമായ സ്ത്രീകളുടെ ഇടയിലെ ജനന നിരക്ക് തമ്മില്‍ വ്യത്യാസമുണ്ടെന്നും സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തിൽ ഇന്ത്യയില്‍ വലിയൊരു മുന്നേറ്റം നടന്നിട്ടുണ്ട്‌. 2021-ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ഇപ്പോള്‍ 139 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രത്യുത്പാദന അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാമിലി പ്ലാനിംങ്‌ 2020(FP2020) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ കഴിഞ്ഞ എട്ട് വര്‍ഷമായി കുടുംബാസൂത്രണത്തില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് വിശദമായി പറയുന്നുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പൊതുവേ വരുമാനം കുറവുള്ള 13 രാജ്യങ്ങളിലെ ആധുനിക ഗര്‍ഭനിരോധന ഉപയോക്താക്കളുടെ എണ്ണം 2012 മുതല്‍ ഇരട്ടിയിലധികം വര്‍ധിച്ചതായും കഴിഞ്ഞ വര്‍ഷം മാത്രം 121 ദശലക്ഷത്തിലധികം ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണങ്ങളും 21 ദശലക്ഷം സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങളും 1,25,000 മാതൃമരണങ്ങളും ഒഴിവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം, ഗര്‍ഭനിരോധന ഉപയോഗത്തിലൂടെ ഇന്ത്യയില്‍ 54.5 ദശലക്ഷത്തിലധികം ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണങ്ങളും 1.8 ദശലക്ഷം സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങളും 23,000 മാതൃമരണങ്ങളും തടയാന്‍ സാധിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ഇന്ത്യയുടെ പദ്ധതി

2017ല്‍, ഇന്ത്യ കുടുംബാസൂത്രണം 2020 പദ്ധതിയിയിലൂടെ രണ്ട് കാര്യങ്ങളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. അതിലൊന്ന് 2020-ഓടെ കുടുംബാസൂത്രണത്തില്‍ 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക, രണ്ടാമത് 2020 ആകുമ്പോഴേക്കും വിവാഹിതരായ സ്ത്രീകള്‍ക്ക് രാജ്യത്തെ ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗം 53.1 ശതമാനത്തില്‍ നിന്ന് 54.3 ശതമാനമായി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. ഈ രണ്ട് വാഗ്ദാനങ്ങളും പാലിക്കാനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ കണക്കുകളില്‍ 54 രാജ്യങ്ങള്‍ക്കായി ഏകദേശം 1.6 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചതായിട്ടാണ് പറയുന്നത്. അതേസമയം, ഈ വിവരങ്ങളുടെ ഭൂരിഭാഗവും ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളതാണ്. എന്നാല്‍, ഇന്ത്യയില്‍, 139 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ആധുനിക ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, സമഗ്രമായ ഐഇസി കാമ്പെയ്നുകള്‍ വഴി ഗര്‍ഭനിരോധന ആവശ്യകത വര്‍ധിപ്പിക്കല്‍, മിഷന്‍ പരിവാര്‍ വികാസ് വഴി ഉയര്‍ന്ന ജനനനിരക്കുള്ള ജില്ലകളിലെ കേന്ദ്രീകൃത ഇടപെടലുകള്‍ എന്നിവ രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ചിലതാണ്. ഇതിന്റെ ഫലമായി ജനനനിരക്കിലും മാതൃമരണനിരക്കിലും ഗണ്യമായ കുറവുണ്ടായി. എന്നാൽ 2030 ആകുമ്പോഴേക്കും ഗര്‍ഭനിരോധന മാർഗങ്ങളുടെ ആവശ്യമില്ലാത്ത ഉപയോഗം ഗണ്യമായി കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ സഹേലി

ദേശീയ കുടുംബക്ഷേമ പരിപാടിയുടെ ഭാഗമായി 1995-ല്‍ അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ നോണ്‍-സ്റ്റിറോയിഡല്‍ ഗര്‍ഭനിരോധന ഗുളികയായ സഹേലി (സെന്‍ക്രോമാന്‍) വികസിപ്പിച്ചതാണ് ഇന്ത്യയുടെ ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. ലഖ്നൗവിലെ സെന്‍ട്രല്‍ ഡ്രഗ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (സിഡിആര്‍ഐ) പ്രശസ്ത ഓര്‍ഗാനിക് കെമിസ്റ്റായ ഡോ.നിത്യ ആനന്ദിന്റെ നേതൃത്വത്തില്‍ രണ്ട് പതിറ്റാണ്ടുകളായി നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ ഗുളികയെന്ന് ബെറ്റര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ ഗുളിക ആഴ്ചയിലൊരിക്കല്‍ കഴിക്കാവുന്ന ഒന്നാണ്.

എന്നാല്‍ ആദ്യത്തെ ഗര്‍ഭനിരോധന ഗുളിക കണ്ടുപിടിച്ചത് 1951-ല്‍ ഓസ്ട്രിയന്‍ വംശജനായ ബള്‍ഗേറിയന്‍-അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്റ്റായ കാള്‍ ഡിജെറാസിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ജോര്‍ജ്ജ് റോസെന്‍ക്രാന്റ്‌സും ലൂയിസ് മിറമോണ്ടസും ചേര്‍ന്നാണ്. ദിവസവും കഴിക്കേണ്ട ഈ ഗുളിക പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കിയിരുന്നു.

എന്നാല്‍ സിഡിആര്‍ഐയുടെ ഗുളിക (CDRI pill ) ഒരു സ്ത്രീയുടെ അണ്ഡോത്പാദനത്തെ ബാധിക്കില്ലാത്തനില്‍ ഹോര്‍മോണ്‍ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കില്ല. ഇത് ഇംപ്ലാന്റേഷന്‍ തടയുകയാണ് ചെയ്യുന്നത്. കൂടാതെ, ലൈംഗിക ബന്ധത്തിന് ശേഷം ഗുളിക കഴിക്കാവുന്നതാണ്. മാത്രമല്ല ഇതില്‍ സ്റ്റിറോയിഡല്‍ ഘടകമൊന്നും അടങ്ങിയിട്ടില്ല. അതിനാല്‍ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്ക് ഗുളിക കഴിക്കുന്നത് നിര്‍ത്തി ഗര്‍ഭം ധരിക്കാവുന്നതാണ്.