കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്

0
103

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ക്ഷമാപണക്കത്തുമായി ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനു ശേഷം ഗെലോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്‍ഡ് ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകും. ഗെലോട്ട് പിന്മാറിയതോടെയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരും മത്സര രംഗത്തുണ്ട്. ഇരുവരും നാളെ പത്രിക സമര്‍പ്പിക്കും.

ദിഗ് വിജയ് സിങ്, ശശി തരൂരിനെ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രതിയോഗികള്‍ തമ്മിലുള്ള പോരാട്ടമല്ല സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദമത്സരമാണ് നടക്കുക എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

മുന്‍ മന്ത്രി കെ.എന്‍. ത്രിപാഠിയും പത്രിക വാങ്ങിയിട്ടുണ്ട്. തരൂര്‍ നാളെ ഉച്ചയ്ക്ക് 12:15 ന് പത്രിക സമര്‍പ്പിക്കും. ദിഗ് വിജയ് സിങ്, എ.കെ ആന്റണിയെ സന്ദര്‍ശിച്ച് പിന്തുണ തേടി. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.