Friday
19 December 2025
20.8 C
Kerala
HomeKeralaകേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു

കേരളത്തിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇ യിൽ നിന്നെത്തിയ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

എന്താണ് മങ്കിപോക്‌സ് വൈറസ്

സാധാരണയായി പടിഞ്ഞാറന്‍- മധ്യ ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മങ്കിപോക്‌സ്. രോഗബാധിതനുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. അതിനാല്‍ ഐസൊലേഷന്‍, ശുചിത്വം പാലിക്കല്‍ എന്നിവയിലൂടെ വൈറസിന്റെ വ്യാപനം തടയാന്‍ ഒരു പരിധിവരെ സാധിക്കും. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും യുകെ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്. അതേസമയം, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ബഹുഭൂരിപക്ഷവും അടുത്ത സമ്പര്‍ക്കത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയുമാണ് വ്യാപിച്ചതെന്ന് യുഎന്‍ ഏജന്‍സി വ്യക്തമാക്കിയിരുന്നു.

മങ്കിപോക്‌സിന്റെ അപകടസാധ്യത

കുരങ്ങുപനിയ്ക്ക് അപകടസാധ്യത കുറവാണെന്ന് പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഡോ. റോസാമുണ്ട് ലൂയിസിന്റെ വീഡിയോ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മങ്കിപോക്‌സ് ബാധിച്ച മിക്കവരിലും രോഗം ഗുരുതരമായിരുന്നില്ലെന്നാണ് റോസാമുണ്ട് ലൂയിസ് പറയുന്നത്. എന്നാല്‍ ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ മങ്കിപോക്സ് കണ്ടെത്തിയതിനാല്‍ വൈറസിന്റെ വ്യാപന രീതി ആശങ്ക ജനിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

അതിനാല്‍, വൈറസിന്റെ അപകടസാധ്യത കൂടുതല്‍ എവിടെയാണെന്നും അപകടസാധ്യത ഏത് വിഭാഗക്കാരെയാണ് ബാധിക്കുന്നതെന്നും തിരിച്ചറിയാനുള്ള പരിശോധനയിലാണ് ലോകരോഗ്യ സംഘടന. അതേസമയം, നിങ്ങള്‍ എത്രത്തോളം അപകടസാധ്യതയിലാണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, നിങ്ങളുടെ അപകടസാധ്യത നിങ്ങള്‍ക്ക് തന്നെ കുറയ്ക്കാനാകുമെന്ന് റോസാമുണ്ട് ലൂയിസ് വീഡിയോയിലൂടെ പറഞ്ഞു.

പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഓരാളില്‍ രോഗം സ്ഥിരീകരിക്കുകയോ, സംശയാസ്പദമായ സാഹചര്യമാണെങ്കിലോ അവരെ വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യാവുന്നതാണ്.

തുണികളും മുറികളും വൃത്തിയാക്കുമ്പോഴും മാലിന്യ നിര്‍മാര്‍ജന സമയത്തും കൂടുതല്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.

ഈ ദിവസങ്ങളില്‍ രോഗികള്‍ ലൈംഗികബന്ധത്തിൽ ഏര്‍പ്പെടരുതെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.

കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, മറ്റ് അണുബാധകള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ പരിചരണം ലഭിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കണം.

രോഗബാധിതരായ അമ്മമാരെയും നവജാതശിശുക്കളെയും നിരന്തരം നിരീക്ഷിക്കണം. കൂടാതെ ‘വൈറസ് ബാധിച്ച അമ്മ മുലയൂട്ടുന്നത് സംബന്ധിച്ച് ഡോക്ടറുമായി സംസാരിച്ച് തീരുമാനമെടുക്കുക.

RELATED ARTICLES

Most Popular

Recent Comments