ഹാഫിസ് സയീദിന്റെ വീടിന് പുറത്ത് സ്ഫോടനം: മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി

0
42

2008ലെ മുംബൈ ആക്രമണ സൂത്രധാരനും ജെയുഡി തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് പുറത്ത് സ്ഫോടനം നടത്തിയ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി. കഴിഞ്ഞ വർഷമാണ് ഹാഫിസ് സയീദിന്റെ വീടിന് പുറത്ത് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.

മൂന്ന് പേർ കൂടി കുറ്റക്കാരാണെന്ന് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി വ്യാഴാഴ്ച വിധിച്ചു. പ്രതികളായ സമി ഉൾ ഹക്ക് (ഗൂഢാലോചനക്കാരൻ), അസീസ് അക്ബർ, നവീദ് അക്തർ എന്നിവരെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചതായി പഞ്ചാബ് പോലീസിലെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്റ് (സിടിഡി) ഉദ്യോഗസ്ഥൻ പറഞ്ഞു.

കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നില്ല. ഒമ്പത് കേസുകളിലായി നാല് പ്രതികൾക്ക് ജനുവരിയിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. അവരിൽ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ നേതാവ് ഈദ് ഗുൽ, പീറ്റർ പോൾ ഡേവിഡ്, സജ്ജാദ് ഷാ, സിയാവുള്ള എന്നിവരും ഉൾപ്പെടുന്നു.

അഞ്ച് പ്രതികൾക്കെതിരെ 56 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഹാഫിസ് സയീദിന്റെ ലഹോറിലുള്ള വീടിന് നേരെയാണ് 2021, ജൂൺ 23 ന് ആക്രമണം നടന്നത്. സയീദിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. കാറിൽ ബോംബ് ഘടിപ്പിച്ച് നടത്തിയ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.