പാകിസ്താനില്‍ വന്‍ കര്‍ഷക പ്രതിഷേധം; 5,000 ത്തിലധികം കര്‍ഷകര്‍ ഇസ്ലാമാബാദിലേക്ക് യാത്ര തുടങ്ങി

0
60

പാകിസ്താനില്‍ വന്‍ കര്‍ഷക പ്രതിഷേധം. പാക് പഞ്ചാബില്‍ നിന്നുള്‍പ്പെടെ 25,000 ത്തിലധികം കര്‍ഷകര്‍ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് യാത്ര തുടങ്ങി.

ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കണമെന്നും രാസവളത്തിന്റെ വില കുറയ്‌ക്കണമെന്നും വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.

പാകിസ്താനി ഫാര്‍മര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍. തലസ്ഥാനമായ ഇസ്ലാമാബാദില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബസുകളിലും ചെറു വാഹനങ്ങളിലും ട്രെയിന്‍ മാര്‍ഗവുമാണ് കര്‍ഷകര്‍ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പാകിസ്താനിലെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ പരമ്ബരയുടെ ഭാഗമായിട്ടാണ് കര്‍ഷകരുടെ പ്രകടനം. ഇവര്‍ തലസ്ഥാനത്തേക്ക് എത്താനുളള എല്ലാ എന്‍ട്രി പോയിന്റുകളും സുരക്ഷാസേന അടച്ചിട്ടുണ്ട്.

വൈദ്യുതി നിരക്ക് യൂണിറ്റിന് 5.3 രൂപയായി പുനര്‍നിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. വൈദ്യുതി ചാര്‍ജ്ജില്‍ നിലവില്‍ ഈടാക്കുന്ന ബാക്കി നികുതികള്‍ ഒഴിവാക്കി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാസവളത്തിന്റെ കരിഞ്ചന്ത വില്‍പന തടയണമെന്നും യൂറിയയുടെ വര്‍ദ്ധിപ്പിച്ച വില കുറയ്‌ക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. യൂറിയയ്‌ക്ക് 400 ശതമാനമാണ് വില ഉയര്‍ന്നിട്ടുളളത്.

ഗോതമ്ബ് മൗണ്ടിന് 2,400 രൂപ നിരക്കില്‍ നിശ്ചയിക്കണമെന്നും കരിമ്ബിന് 280 രൂപയും പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക മേഖലയെ ഒരു വ്യവസായമായി പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. രാഷ്‌ട്രീയ നേതാക്കളോ ഭരണകര്‍ത്താക്കളോ ആണ് തങ്ങളുമായി ചര്‍ച്ച നടത്തേണ്ടതെന്നും പോലീസ് അല്ലെന്നുമാണ് ഇവരുടെ നിലപാട്.