തമിഴ്നാട്ടിൽ ആർഎസ്എസ് റാലികൾക്ക് അനുമതി നിഷേധിച്ച് സർക്കാർ

0
77

ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന റൂട്ട് മാര്‍ച്ചിനെ ചൊല്ലി തമിഴ്നാട് സര്‍ക്കാരും ആര്‍എസ്എസും തുറന്ന പോരിലേക്ക്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പരിപാടിക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി നാളെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ ആർഎസ്എസ് സംഘടിപ്പിക്കുന്ന റാലികൾക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി 51 സ്ഥലങ്ങളിലാണ് റാലി നടത്താൻ പദ്ധതിയിട്ടിരുന്നത്.

അതേസമയം, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പശ്ചാത്തലത്തില്‍ ഒരു നിലയ്ക്കും അനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണു പൊലീസും സംസ്ഥാന സര്‍ക്കാരും. കാര്യമായ സ്വാധീനമില്ലാത്ത സംസ്ഥാനത്തു ശക്തിപ്രകടനത്തിനാണ് ആര്‍എസ്എസ് ഗാന്ധിജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു സര്‍ക്കാര്‍ തുടക്കത്തിലേ അനുമതി നിഷേധിച്ചു. പിറകെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിനായി സർക്കാർ തീവ്രശ്രമം തുടരുന്ന സാഹചര്യത്തിൽ, ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് റാലികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നുവെന്നാണ് സർക്കാർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതായും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെ, ഉപാധികളോടെ ബുധനാഴ്ചയ്ക്കു മുന്‍പായി അനുമതി നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാരോടു ജസ്റ്റിസ് ഇളന്തിരയന്‍ ഉത്തരവിട്ടിരുന്നു. എന്നാൽ, തിരുവള്ളൂര്‍ എസ്പി അനുമതി നല്‍കിയില്ല. പിറകെ മറ്റിടങ്ങളില്‍ നല്‍കിയ അനുമതി കൂടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയലക്ഷ്യ കേസായി നാളെ പരിഗണിക്കാമെന്നു സിംഗിള്‍ ബെഞ്ച് അറിയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. ചെന്നൈയില്‍ മാത്രം നാലായിരവും കോയമ്പത്തൂരില്‍ ആയിരത്തിലധികവും പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ സംസ്ഥാനത്ത് വിവിധ കോണുകളിൽനിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. നാം തമിളർ കച്ചി നേതാവ് സീമാൻ ഉൾപ്പെടെയുള്ളവർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എടപ്പാടി കെ.പളനിസാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസ് റാലികൾക്ക് സംസ്ഥാനത്ത് അനുമതി ലഭിച്ചിരുന്നില്ലെന്നും സീമാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ഡിഎംകെ സർക്കാർ ആർഎസ്എസ് റാലികൾക്ക് അനുമതി നിഷേധിച്ചത്.