പോപ്പുലർ ഫ്രണ്ടിൻറെ മിന്നൽ ഹർത്താലിലുണ്ടെയാ ആക്രമണങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി. എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകും. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ.അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
ഹർത്താലിലും ബന്ദിലും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ ഹർത്താലുമായി ബന്ധപ്പെട്ട കേരളത്തിലെ മുഴുവൻ കേസിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം നേരത്തെ കെഎസ്ആർടിസിയും ഹർത്താലുമായുണ്ടായ നാശ നഷ്ടങ്ങളിൽ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 5.6 കോടിയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ട നഷ്ട പരിഹാര. 58 ബസ്സുകളാണ് ഹർത്താൽ ദിനത്തിൽ തകർക്കപ്പെട്ടത് 10 ഒാളം ജീവനക്കാർക്കും ഒരു യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്തു. ബസ്സിൻറെ ചില്ലുകൾ മാത്രം നോക്കിയാൽ തന്നെ ഏതാണ്ട് ഒൻപത് ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് നഷ്ടം വന്നത്.