പാകിസ്ഥാനിലെ കറാച്ചിയിലെ ഒരു ദന്താശുപത്രിയില്‍ അജ്ഞാതരുടെ വെടിവെപ്പ്. ഒരു ചൈനീസ് പൗരന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മൂവരും വിദേശ പൗരന്മാരാണെന്ന് ലോക്കല്‍ പോലീസ് പറഞ്ഞു. രോഗിയായി ആള്‍മാറാട്ടം നടത്തിയാണ് അക്രമി ക്ലിനിക്കില്‍ പ്രവേശിച്ചത്.
റൊണില്‍ ഡി റൈമണ്ട് ചാവ്, മാര്‍ഗേഡ്, റിച്ചാര്‍ഡ് എന്നിവരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ അടിവയറ്റിലാണ് വെടിയേറ്റത്. അതിനാല്‍ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ ചൈനീസ് പൗരന്മാര്‍ക്കെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ സംഭവമാണിത്. ഏപ്രിലില്‍ കറാച്ചി സര്‍വകലാശാലയ്ക്ക് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.