കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ കുടിശികകൾ തീർക്കാനുള്ള തുക അനുവദിച്ച് സർക്കാർ

0
65

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ കുടിശികകൾ തീർക്കാനുള്ള തുക അനുവദിച്ച് സർക്കാർ. ആറ് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സ്‌റ്റേഡിയം നടത്തിപ്പ് നിര്‍വഹിക്കുന്ന കമ്പനിക്കാണ് തുക അനുവദിച്ച് നൽകിയത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ് ആൻ‍ഡ് എഫ്എല്‍) വരുത്തിയ കുടിശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

ഡിബിഒടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആൻഡ് ട്രാന്‍സ്ഫര്‍) രീതിയില്‍ നിർമിച്ച സ്‌റ്റേഡിയമാണ് ​ഗ്രീൻഫീൽഡ് സ്റ്റേഡിയം. കെഎസ്എഫ്എല്ലിനാണ് 2027 വരെ ഇതിന്റെ അവകാശമുള്ളത്. എന്നാൽ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ കനത്ത അനാസ്ഥയാണ് ഇവർ കാട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആന്വിറ്റി തുക ആറ് കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചുവച്ചത്. 2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവെച്ച തുകയാണ് ഇപ്പോള്‍ സർക്കാർ അനുവദിച്ചിരിക്കുന്നത്. പ്രോപ്പര്‍ട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാര്‍ജ് കുടിശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെയാണ് നിലവില്‍ സ്റ്റേഡിയത്തിന് കുടിശികയുള്ളത്. സർക്കാർ നൽകിയ ആറ് കോടിയിൽ നിന്ന് ഈ കുടിശികള്‍ തീര്‍ക്കുന്നതിന് ആവശ്യമായ തുക നല്‍കാന്‍ സ്‌പോട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ നടപടി സ്വീകരിക്കും.

അതേസമയം ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യമത്സരം ഇന്ന് സെപ്റ്റബർ 28ന് ഗ്രീന്‍ഫീല്‍ഡില്‍ നടക്കും. മത്സരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പൂർണ പിന്തുണ കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിട്ടുണ്ട്. കളി നല്ല രീതിയില്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായും മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. അനന്തപുരിയിൽ ആരവങ്ങൾ ഉയർന്ന് തുടങ്ങിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശ പൂരം നടക്കാൻ പോകുന്നത്. രാത്രി ഏഴ് മുതൽ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാനമായി അന്താരാഷ്ട്ര മത്സരം നന്നത്. പിന്നീട് കൊവിഡിനെ തുടർന്ന് മത്സരങ്ങൾ നടക്കാതെയായി. മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ കാണികൾക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല.

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. അടുത്തമാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണിത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ഏകദിനം കൂടിയുണ്ട്. എന്നാൽ അതിൽ ശിഖർ ധവാൻ നയിക്കുന്ന മറ്റൊരു ടീമാകും കളിക്കുക. ഇന്ത്യയ്ക്ക് ഇതുവരെ സ്വന്തം നാട്ടിലെ പരമ്പരയിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.