ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ്

0
84

പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ്. പാലക്കാട് കൽമണ്ഡപം, ചടനാംകുറിശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട് എന്നിവിടിങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടാണ് പാലക്കാട് റെയ്ഡ് നടത്തുന്നത്. ഓപ്പറേഷൻ ഒക്ടോപസിന്റെ ഭാഗമായാണ് റെയ്ഡ്. പാലക്കാട് ജില്ലയിൽ റെയ്ഡ് തുടരുകയാണ്. നഗരത്തിൽ മാത്രം 20 മേഖലകളിലാണ് റെയ്ഡ് നടത്തുന്നത്.

ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ്. ചിറ്റൂർ മേഖലയിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു. പാലക്കാട്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നിരവധി സംഘങ്ങളി തിരിഞ്ഞാണ് പോലീസ് റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് കാജ ഹുസൈന്റെ വീട്ടിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തി.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ വി‍ജ്ഞാപനം പുറത്തിറക്കി. അഞ്ച് വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിയമ വിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. നിരോധിത സംഘടനയുടെ പട്ടികയിലേക്ക് പിഎഫ്ഐയെ ഉൾപ്പെടുത്തി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോ​ഗികമായി അറിയിച്ചു. ഭീകരപ്രവർത്തനം നടത്തുന്നു, ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നു, ക്രമസമാധാനം തകർക്കുന്നു, തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കുറ്റങ്ങളാണ് കേന്ദ്രം പിഎഫ്ഐക്കെതിരെ ആരോപിച്ചിരിക്കുന്നത്.