2020 ലെ ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം നടിയും സംവിധായികയുമായ ആശ പരേഖിന്

0
42

2020 ലെ ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം നടിയും സംവിധായികയുമായ ആശ പരേഖിന്. ആറുപതുകളിലും ഏഴുപതുകളിലും ഹിന്ദി സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആശ. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹിന്ദി സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ആശ. 1952-ല്‍ പുറത്തിറങ്ങിയ ‘മാ” എന്ന ചിത്രത്തില്‍ ബാലതാരമായായിരുന്നു അരങ്ങേറ്റം. അന്ന് ആശയ്ക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായം. കുറച്ച് ചിത്രങ്ങള്‍ക്ക് ശേഷം വിദ്യാഭ്യാസത്തിനായി അല്‍പ്പം ഇടവേളയെടുത്ത ആശ പിന്നീട് നായികയായാണ് തിരിച്ചുവരവ് നടത്തിയത്.

നസിര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖെ ദേഖോ’ ആയിരുന്നു ആദ്യമായി നായികാവേഷത്തിലെത്തിയ ചിത്രം. 1959-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ജബ് പ്യാർ കിസി സേ ഹോതാ ഹേ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്‌രി മൻസിൽ (1966), ബഹാരോൺ കെ സപ്‌നേ (1967), പ്യാർ കാ മൗസം (1969), കാരവൻ (1971). രാജ് ഖോസ്‌ലയുടെ ദോ ബദൻ (1966), ചിരാഗ് (1969), മെയിൻ തുളസി തേരെ അംഗൻ കി (1978) എന്നിവയാണ് ആശയുടെ ഹിറ്റ് ചിത്രങ്ങള്‍.

ആശയുടെ അഭിനയമികവ് ഹിന്ദിയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഗുജറാത്തി, പഞ്ചാബി, കന്നഡ സിനിമകളിലും ആശ അഭിനയിച്ചു. പിന്നീട് സംവിധാനത്തിലേക്കും ആശ കടന്നു. ഗുജറാത്തി സീരിയലായ ജ്യോതിയായിരുന്നു ആദ്യ സംവിധാന സംരംഭം. പലാഷ് കി ഫൂല്‍, ബാജെ പായല്‍, കോര കാഗസ്, ദാല്‍ മെയിന്‍ കാല എന്നീ ഷോകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ദാദ സാഹേബ് ഫാല്‍കെ പുരസ്കാരം. രാജ് കപൂര്‍, യാഷ് ചോപ്ര, ലത മങ്കേഷ്കര്‍, മൃണാല്‍ സെന്‍, അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന എന്നിവരാണ് ഇതിന് മുന്‍പ് പുരസ്കാരം ലഭിച്ച പ്രമുഖര്‍. ദേവിക റാണിയായിരുന്നു ആദ്യമായി ഫാല്‍കെ പുരസ്കാരത്തിന് അര്‍ഹയായത്. അവസാനമായി പുരസ്കാരം ലഭിച്ചത് നടന്‍ രജിനികാന്തിനാണ്.