ഹിമാചൽ പ്രദേശിൽ കനത്ത മഴ; ഏഴ് പേർ മരിച്ചു

0
116

ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. സിർമൗർ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ ഒരേ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ മൂന്ന് നാല്‌ ദിവസമായി സിർമൗറിൽ ശക്തമായ മഴ പെയ്യുകയാണ്. തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.

കനത്ത മഴയിൽ സംസ്ഥാനത്ത് 120 റോഡുകൾ തടസ്സപ്പെട്ടു. 90 ട്രാൻസ്‌ഫോർമറുകൾ തകർന്നു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മറ്റു ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. റോഡു ഗാതാഗതം തടസ്സപ്പെടുകയും ആളുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. ഞായറാഴ്ച ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായും അധികൃതർ അറിയിച്ചു.