Wednesday
31 December 2025
24.8 C
Kerala
HomeIndiaപത്തൊന്‍പതുകാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി: ബി ജെ പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനു നാട്ടുകാര്‍ തീയിട്ടു

പത്തൊന്‍പതുകാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി: ബി ജെ പി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനു നാട്ടുകാര്‍ തീയിട്ടു

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ പത്തൊന്‍പതുകാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രോഷാകുലരായി നാട്ടുകാര്‍. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി ജോലി ചെയ്തിരുന്ന ബി ജെ പി നേതാവിന്റെ മകൻ പുൽകിത് ആര്യയുടെ റിസോര്‍ട്ടിനു നാട്ടുകാര്‍ തീയിട്ടു. കേസിലെ മുഖ്യപ്രതിയാണു പുൽകിത്.

ഉത്തരാഖണ്ഡിലെ ബി ജെ പി മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനാണു പുല്‍കിത് ആര്യ. പുൽകിതിന്റെ ഉടമസ്ഥതയിലുള്ള ‘വനാന്തര റിസോര്‍ട്ട്’ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അങ്കിത.

ലക്ഷ്മണ്‍ ജുല പ്രദേശത്താണു റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നു മാറി ചില്ല കനാലില്‍നിന്നാണ് അങ്കിതയുടെ മൃതദേഹം കണ്ടെടുത്തതെന്നു പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയടെ സഹോദരനും പിതാവും മൃതദേഹം തിരിച്ചറിഞ്ഞതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവത്തില്‍ പുല്‍കിനെക്കൂടാതെ മറ്റു രണ്ടു പേരെക്കൂടി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വാക്തര്‍ക്കത്തെത്തുടര്‍ന്ന് അങ്കിതയെ കനാലിലേക്കു തള്ളിയിട്ടതായി റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ, പുല്‍കിതിന്റെ സഹോദരന്‍ ആര്യനെ സംസ്ഥാന ഒ ബി സി കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്നു നീക്കി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപീകരിച്ചിരിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വിറ്ററില്‍ അറിയിച്ചു.

”അങ്കിതയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തു. ഈ ഹൃദയഭേദകമായ സംഭവത്തില്‍ എന്റെ ഹൃദയം വളരെ വേദനിക്കുന്നു. കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനു ഡി ഐ ജി പി രേണുകാദേവിയുടെ നേതൃത്വത്തില്‍ എസ് ഐ ടിക്കു രൂപം നല്‍കി. ഗൗരവമായ ഈ വിഷയത്തില്‍ ആഴത്തിലുള്ള അന്വേഷണത്തിനാണു നിര്‍ദേശിച്ചിരിക്കുന്നത്്,”അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള റിസോര്‍ട്ടുകളില്‍ അന്വേഷണം നടത്താനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി ഉറപ്പാക്കാനും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു ധാമി നിര്‍ദേശം നല്‍കി.

 

RELATED ARTICLES

Most Popular

Recent Comments