Wednesday
31 December 2025
24.8 C
Kerala
HomeKeralaഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാസംതോറും കൃത്യമായി അവലോകനം ചെയ്യണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ജന നന്മയ്ക്ക് വേണ്ടി നിയമത്തിനകത്ത് നിന്നുകൊണ്ട് വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. അതിനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പി.എസ്.സി. വഴി നിയമനം ലഭിച്ച 33 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആകെ 160 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികളാണുള്ളത്. അതില്‍ 33 പേര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്നതോടെ വകുപ്പിന് കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാനാകും. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുന്നതിന് ഉതകുന്ന തരത്തിലാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ നടത്തുന്ന സ്റ്റാറ്റിയൂട്ടറി പരിശീലനത്തിന് പുറമേയുള്ള പരിശീലനമാണിത്. എന്‍ഫോഴ്‌സ്‌മെന്റ്, പ്രോസിക്യൂഷന്‍ തുടങ്ങിയവ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങളില്‍ കൃത്യമായി നടത്തുന്നതിനാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുകയാണ്. ഇതോടെ മീനിലെ മായം കുറഞ്ഞതായി ജനങ്ങള്‍ തന്നെ പറയുന്നു. ഷവര്‍മ നിര്‍മാണത്തിലും വിതരണത്തിലും മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദേശീയ തലത്തില്‍ നല്ല പ്രകടനമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്നത്. ഇനിയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകണം. അക്കാഡമിക് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ് ഓരോരുത്തരും. ഭക്ഷ്യ സുരക്ഷാ രംഗത്തും ഈയൊരു മികവ് പ്രകടിപ്പിക്കണം. തന്റെ അധികാരപരിധിയിലുള്ള സ്ഥലങ്ങളില്‍ മികച്ച ഇടപെടലുകള്‍ നടത്തി നല്ല ഭക്ഷണം ഉറപ്പാക്കണം. മുന്‍വിധിയില്ലാതെ മുന്നോട്ട് പോകാനാകണം. സത്യസന്ധത, സുതാര്യത, അര്‍പ്പണ മനോഭാവം എന്നിവ ഓരോരുത്തര്‍ക്കുമുണ്ടാകണം. ഏറ്റവും മികച്ച ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, ജോ. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ചിഫ് ഗവ. അനലിസ്റ്റ് മഞ്ജുദേവി എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments