കര്‍ണാടകയില്‍ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി

0
63

കര്‍ണാടകയില്‍ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന് 60,000 രൂപ പിഴ ചുമത്തി. കര്‍ണ്ണാടകയിലെ ഉള്ളേരഹള്ളി ഗ്രമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടെന്നാരോപിച്ചാണ് ദളിത് കുടുംബത്തിന് പിഴ ചുമത്തിയത്.

സെപ്തംബര്‍ 8 ന് ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുന്നതിനിടെയാണ് അവിടുത്തെ പ്രമുഖ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ കുട്ടി സ്പര്‍ശിച്ചത്. ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിക്കുകയും ചെയതു. അടുത്ത ദിവസം ഗ്രാമസഭക്ക് മുമ്പാകെ ഹാജരാകാനും കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഗ്രാമദേവതയുടെ ഈ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ദളിതര്‍ തൂണില്‍ തൊട്ടെന്നും അത് അശുദ്ധമാണെന്നും അവര്‍ തന്നെ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു.വീണ്ടും പെയിന്റടിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിനു മുമ്പായി 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി വിധിച്ചു. ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ പുറത്താക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ കുട്ടിയുടെ മാതാവ് ശോഭ മസ്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 8 പേരെ അറസ്റ്റ് ചെയ്തു. തങ്ങളുടെ കുടുംബത്തിനെതിരെ ഉന്നത ജാതിക്കാരുടെ ഭീഷണിയുണ്ടെന്നും അവര്‍ ആരോപിച്ചു.