Thursday
1 January 2026
22.8 C
Kerala
HomeIndiaഎഎപി വിശ്വാസവോട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വേണ്ടെന്ന് പഞ്ചാബ് ഗവർണർ; വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി

എഎപി വിശ്വാസവോട്ട്: പ്രത്യേക നിയമസഭാ സമ്മേളനം വേണ്ടെന്ന് പഞ്ചാബ് ഗവർണർ; വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി

വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം നടത്തണമെന്ന ആവശ്യം നിരസിച്ച പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി (എഎപി).ജനാധിപത്യം അവസാനിച്ചെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.’ക്യാബിനറ്റ് വിളിച്ച സമ്മേളനം ഗവര്‍ണര്‍ക്ക് എങ്ങനെ നിരസിക്കാന്‍ കഴിയും? ജനാധിപത്യം അവസാനിച്ചു, രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ സമ്മേളനത്തിന് അനുമതി നല്‍കി, നമ്പര്‍ പൂര്‍ത്തിയാകാതെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടപ്പോള്‍ അനുമതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മുകളില്‍ നിന്ന് വിളി വന്നു’ അദ്ദേഹം പറഞ്ഞു. അതേസമയം ‘നിര്‍ദ്ദിഷ്ട നിയമങ്ങളുടെ അഭാവം’ കാരണമാണ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുന്നത് എന്നാണ് ഗവര്‍ണര്‍ അറിയിച്ചത്.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ വേട്ടയാടാനും പഞ്ചാബിലെ സര്‍ക്കാരിനെ താഴെയിറക്കാനും ശ്രമിക്കുന്നതായി ആരോപിച്ചാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചത്.ഉത്തരവ് പിന്‍വലിക്കാനുള്ള ഗവര്‍ണറുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും നിയമസഭയെ അഭിമുഖീകരിക്കാനുള്ള ഒരു സര്‍ക്കാരിന്റെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ന്യായമല്ലെന്നും എഎപി നേതാവ് രാഘവ് ഛദ്ദ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രതാപ് ബജ്വ പ്രവര്‍ത്തിക്കുന്നത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണെന്നും അല്ലാതെ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും എഎപി പ്രസ്താവനയില്‍ പറഞ്ഞു.70 വര്‍ഷമായി കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ഇല്ലാതാക്കി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ എഎപി പോരാടുകയാണ്, ഇനിയുംപോരാട്ടം തുടരുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments