വിവേചനമില്ല; ഖത്തറിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു: അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

0
66

നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ലോകകപ്പ് ഫുട്‌ബാൾ ആസ്വദിക്കുന്നതിന് വിവേചനങ്ങളും വേർതിരിവുകളുമില്ലാതെ ഖത്തർ അതിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അമീർ ശൈഖ് തമീം ഹമദ് ആൽഥാനി പറഞ്ഞു. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 77ാം സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയിനിനും റഷ്യക്കുമിടയിലുള്ള സംഘർഷത്തിൽ സമാധാനപരമായ രീതിയിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും വെടിനിർത്തലിന് അഭ്യർഥിക്കുകയാണെന്നും അമീർ വ്യക്തമാക്കി.

ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാടിൽ മാറ്റമില്ലെന്നും ഫലസ്തീൻ സഹോദരങ്ങൾക്ക് ഖത്തറിന്റെ ഐക്യദാർഢ്യം ആവർത്തിക്കുകയാണെന്നും നീതിക്കായുള്ള അവരുടെ ആഗ്രഹാഭിലാഷങ്ങൾക്കൊപ്പമാണ് ഖത്തറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലും അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിലക്ക് നിർത്താനുമുള്ള ഉത്തരവാദിത്തം സുരക്ഷ സമിതി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാഖിലും ലബനാനിലും യമനിലും ദേശീയ അഭിപ്രായഐക്യം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സമാധാനശ്രമങ്ങൾക്ക് മുന്നിലുണ്ടാകണം. ലിബിയയിലെ രാഷ്ട്രീയ നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം ഭരണഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനുള്ള യോജിപ്പിലെത്തണമെന്നും അഭ്യർഥിക്കുന്നു -അമീർ വിശദീകരിച്ചു.

അഫ്ഗാനിസ്താനിലെ സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അവിടത്തെ സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങളെയും സംരക്ഷിക്കണം. വിവിധ വിഭാഗങ്ങൾക്കിടയിൽ മഞ്ഞുരുക്കത്തിനുള്ള നടപടികൾ വേഗത്തിലാക്കണം. അഫ്ഗാനിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ അപകടങ്ങൾ സംബന്ധിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ഖത്തർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുമ്ബൊരിക്കലുമില്ലാത്ത ഊർജപ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നൂറ് കോടിക്കടുത്ത് ജനങ്ങൾ ഇപ്പോഴും ഊർജത്തിന്റെ പ്രാഥമിക സ്രോതസ്സുകളുടെ അഭാവത്തിലാണ് കഴിയുന്നത് -യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവേ അമീർ ചൂണ്ടിക്കാട്ടി.