ലൗ ജിഹാദിനെതിരായ നിയമപ്രകാരമുള്ള ഉത്തർപ്രദേശിലെ ആദ്യ കേസിൽ ശിക്ഷ പ്രഖ്യാപിച്ചു

0
69

ഉത്തർപ്രദേശിൽ കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന ലൗ ജിഹാദിനെതിരായ നിയമപ്രകാരമുള്ള ആദ്യത്തെ കേസിൽ ശിക്ഷ പ്രഖ്യാപിച്ചു. ലൗ ജിഹാദ് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയും മരപ്പണിക്കാരനുമായ അഫ്‌സലി (26) നാണ് കോടതി അഞ്ചുവർഷം തടവു ശിക്ഷ വിധിച്ചത്.

പ്രതി അഫ്‌സൽ തന്റെ പേരും മതവും മറച്ചു വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതായി പ്രോസിക്യൂഷൻ തെളിയിച്ചെന്ന് അംറോഹ പോക്‌സോ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജി കപില രാഘവ് നിരീക്ഷിച്ചു. പെൺകുട്ടിയുടെ ആ​ഗ്രഹത്തിനു വിപരീതമായാണ് മതം മാറ്റം നടന്നതെന്നും മതം മാറിയ ശേഷം അവളെ വിവാഹം കഴിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയതായും കോടതി പറഞ്ഞു.

ജോലിക്കായി വീട്ടിൽ നിന്നു പോയ മകൾ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഹസൻപൂരിൽ നഴ്സറി നടത്തുകയാണ് പെൺകുട്ടിയുടെ അച്ഛൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്‌തതായും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കോടതി പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി അഫ്‌സൽ താൻ ഹിന്ദുവാണെന്നും പേര് അർമാൻ കോഹ്ലി എന്നാണെന്നുമാണ് പെൺകുട്ടിയോട് പറഞ്ഞിരുന്നത്. പെൺകുട്ടിയുടെ അച്ഛൻറെ ഉടമസ്ഥതയിലുള്ള നഴ്സറിയിൽ ചെടികൾ വാങ്ങാൻ അഫ്സൽ സ്ഥിരമായി എത്തിയിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ കാണുകയും ചെയ്യാറുണ്ടായിരുന്നു. ഇരയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ കഴിഞ്ഞ വർഷമാണ് പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയത്. തുടർന്ന്, തന്റെ മകളെ അഫ്സൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഡൽഹിയിൽ നിന്നാണ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഐപിസി 363, 366, 354, 506, സെക്ഷനുകൾ പ്രകാരവും പോക്‌സോ നിയമ പ്രകാരവും ഉത്തർപ്രദേശിലെ ആന്റി ലൗ ജിഹാദ് നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് അഫ്സലിനെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിക്കൊണ്ടുപോകലിനു മാത്രമായിരുന്നു പോലീസ് കേസെടുത്തിരുന്നതെങ്കിലും പിന്നീട് ഇരയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് മതപരിവർത്തന നിരോധന നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.

മതം മാറ്റുക എന്ന ഉദ്ദേശത്തോടെ ഇരയെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുകയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്ന ഉദ്ദേശത്തോടെ അവളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.നിയമത്തിൽ എവിടെയും മതപരിവർത്തനം നിരോധിച്ചിട്ടില്ലെന്നും ഏത് മതം പിന്തുടരാനും സ്വീകരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നുമാണ് ആദ്യം കോടതി നിരീക്ഷിച്ചത്.

എങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയോ, ബലപ്രയോഗത്തിലൂടെയോ, അനാവശ്യ സ്വാധീനത്തിലൂടെയോ, നിർബന്ധത്തിലൂടെയോ, ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നിർബന്ധിത വിവാഹത്തിലൂടെയോ നിയമവിരുദ്ധമായി ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് ഉത്തർപ്രദേശിലെ ആന്റി ലവ് ജിഹാദ് നിയമപ്രകാരം ശിക്ഷാർഹമാണെന്നും കോടതി പറഞ്ഞു.