ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് തെളിയിക്കുന്ന ശബ്ദരേഖ സുരേന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞു.
കൊച്ചിയിലെസ്റ്റുഡിയോയിലെത്തിച്ച് ശേഖരിച്ച ശബ്ദ സാമ്പിളുകളുടെ നിർണായക ഫോറൻസിക് റിപ്പോർട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സി കെ ജാനുവിനും കെ സുരേന്ദ്രനുമെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സി കെ ജാനുവിനെ എൻഡിഎയിലേക്ക് എത്തിക്കാൻ സുരേന്ദ്രൻ പണം നൽകിയെന്നാണ് കേസ്. സംഭവം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ജെആർപി നേതാവായിരുന്നു സികെ ജാനു. മാർച്ച് ഏഴിന് രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം ഹൊറിസോൺ ഹോട്ടലിൽവെച്ച് പണം കൈമാറിയെന്നാണ് പ്രസീദയുടെ ആരോപണം. ഒരു ടൗവ്വലിൽ പൊതിഞ്ഞ നിലയിൽ പണം കിടക്കയിൽ ഉണ്ടായിരുന്നുവെന്നും പ്രസീദ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഫോൺ സംഭാഷണം പുറത്തുവിട്ടത്.