ട്രയൽ കോടതിയിൽ നിന്നുള്ള അപ്പീൽ പരിഗണിക്കവേ ജുഡീഷ്യൽ ഓഫീസർ വിധി കോപ്പി പേസ്റ്റ് ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസർക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മുമ്പ് വിധിപറഞ്ഞ കേസുകളിലും സമാനമായ രീതി പിന്തുർന്നിട്ടുണ്ടോ എന്നറിയാൻ ഈ ജഡ്ജിയുടെ കഴിഞ്ഞ 10 വിധികളും പരിശോധിക്കാനും പഞ്ചാബ് ആൻറ് ഹരിയാന ഹൈക്കോടതിയിലെ ജസ്റ്റിസ് അർവിന്ദ് സിങ് സാംങ്വാൻ നിർദ്ദേശം നൽകി. ജഡ്ജിയോട് വിശദീകരണം ആവശ്യപ്പെട്ടതിനൊപ്പം ജില്ലാ സെഷൻസ് ജഡ്ജിയോട് കഴിഞ്ഞ 10 വിധികൾ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
“സിവിൽ അപ്പീലുകൾ തീർപ്പാക്കുമ്പോൾ ഈ ജഡ്ജി സമാനമായ രീതിയിൽ മറ്റേതെങ്കിലും വിധി കോപ്പി പേസ്റ്റ് ചെയ്യാറുണ്ടോ എന്ന് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,” ജസ്റ്റിസ് സാംങ്വാൻ പറഞ്ഞു. ജഡ്ജിയുടെ വിശദീകരണവും ജില്ലാ സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ടും 2023 മാർച്ചിൽ അടുത്ത ഹിയറിംഗിന് മുമ്പ് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ട്രയൽ കോടതിയുടെ വിധിയിൽ അപ്പീൽ കേൾക്കവേ ലോവർ അപ്പീൽ കോടതി ജുഡീഷ്യൽ മൈൻഡ് ഉപയോഗിക്കാതെയാണ് വിധി പ്രസ്താവിച്ചതെന്നാണ് കണ്ടെത്തൽ. ട്രയൽ കോടതി വിധിയിലെ വാചകങ്ങൾ അതേപടി പകർത്തി വെക്കുകയാണ് ലോവർ അപ്പീൽ കോടതി ചെയ്തത്. വിധി പറയുന്നതിൽ പിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയ ആൾ കോടതിയെ സമീപിച്ചതോടെയാണ് ജസ്റ്റിസ് സാംങ്വാൻെറ നിർദ്ദേശം വന്നത്.
ഒരു കുത്തോ കോമയോ പോലും മാറ്റാതെ പഴയ അതേ വിധി ആവർത്തിച്ച് പ്രഖ്യാപിക്കുക മാത്രമാണ് ജഡ്ജി ചെയ്തിരിക്കുന്നത്. കോടതി കക്ഷികൾ തമ്മിലുള്ള തർക്കം മനസ്സിലാക്കാൻ ശ്രമിക്കുകയോ ജുഡീഷ്യൽ മൈൻഡ് പ്രയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് സാങ്‌വാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കൂട്ടിച്ചേർത്തു. ഗുരുതരമായ വീഴ്ചയാണ് ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിരീക്ഷണം. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ ഉണ്ടാവും.
കീഴ്‌ക്കോടതി ഉത്തരവുകൾക്കെതിരെ വരുന്ന ആദ്യ അപ്പീലിൽ വിധി പറയുന്നതിന് മുമ്പ് തെളിവുകൾ സ്വതന്ത്രമായി പരിശോധിക്കണമെന്ന സുപ്രീം കോടതി വിധിയും സാങ്‌വാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരാമർശിച്ചു. വിധി പറയുന്നതിന് മുമ്പായി എല്ലാ പോയൻറുകളും വ്യക്തമായി പഠിച്ച് ബോധ്യപ്പെടണം. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം പോലും പാലിക്കാതെയാണ് പഞ്ചാബിലെ ഈ അപ്പീൽ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതെന്നും ബെഞ്ച് വിമർശിച്ചു.
കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് നിലവിൽ അപ്പീൽ കോടതി വിധി ജസ്റ്റിസ് സാംങ്വാൻ സ്റ്റേ ചെയ്യുന്നതായി പ്രഖ്യാപിച്ചു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഇപ്പോൾ കോപ്പി പേസ്റ്റ് വിവാദം ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ഉടമകൾക്ക് ഭൂമിയിൽ തുല്യ അവകാശമാണെന്നായിരുന്നു കേസിൽ അപ്പീൽ നൽകിയ ആളുടെ വാദം. ഭൂമിയിൽ അതിർത്തി നിർണയിക്കുകയോ പലർക്കായി തരം തിരിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ജഡ്ജിക്കെതിരായ അന്വേഷണത്തിന് ശേഷമായിരിക്കും കേസിൽ അടുത്ത നടപടികളുണ്ടാവുക