മാസങ്ങളായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധം നേട്ടമായത് ഇന്ത്യയ്‌ക്കെന്നു റിപ്പോർട്ട്

0
76

മാസങ്ങളായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധം നേട്ടമായത് ഇന്ത്യയ്‌ക്കെന്നു റിപ്പോർട്ട്. യുദ്ധമുഖത്ത് നിന്നു നഷ്ടങ്ങളുടെയും, മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥയാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ യുദ്ധം മൂലം ഇന്ത്യയിൽ നിന്ന് ഉയരുന്നത് ലാഭത്തിന്റെ കഥയാണ്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് ലോക രാജ്യങ്ങൾ റഷ്യയ്ക്ക് എതിരായി. അതേസമയം നിഷ്പക്ഷ നിലപാട് തുടർന്ന ഇന്ത്യ ഇന്നും മുന്നോട്ടാണ്.

എണ്ണയും ഇന്ത്യയും

യൂറോപ്യൻ മേഖലയുടെ എണ്ണ ആവശ്യകതയുടെ പകുതിയിലധികവും നിറവേറ്റിയിരുന്ന റഷ്യയ്ക്കുമേൽ യുഎസും, യുറോപ്യൻ യൂണിയനും ഉപരോധം ഏർപ്പെടുത്തുമെന്ന കാര്യത്തിൽ രണ്ടുപക്ഷമുണ്ടായിരുന്നു. എന്നാൽ ഉപരോധം നിലവിൽ വന്നതോടെ റഷ്യയിൽ എണ്ണ കെട്ടികിടക്കാൻ തുടങ്ങി. ഇതോടെ യുദ്ധത്തിൽ നിഷ്പക്ഷ നിലപാട് തുടർന്ന ഇന്ത്യയിലേക്കും, ചൈനയിലേക്കും റഷ്യയുടെ എണ്ണ വിപണി ചുരുങ്ങി. യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കത്തിക്കയറുന്നതിനിടെ കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്ന് എണ്ണ ലഭ്യമാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു.

എണ്ണയും സമ്പദ്‌വ്യവസ്ഥയും

കൊവിഡിന് ശേഷം ആഗോളതലത്തിൽ കുതിച്ചുയർന്ന പണപ്പെരുപ്പത്തിനു പ്രധാന കാരണങ്ങളിലൊന്ന് എണ്ണയാണ്. യുഎസും, യൂറോപ്പും അടക്കമുള്ള സമ്പ്ദവ്യവസ്ഥകൾക്കു പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ സാധിക്കാതെ പോയതും എണ്ണവിപണിയുടെ അസ്ഥിരതയുടെ കൂടെ ഫലമാണ്. അതേസമയം കുറഞ്ഞ വിലയിൽ എണ്ണ ഉറപ്പാക്കിയ ഇന്ത്യ പിടിച്ചു നിന്നു. ഇന്നും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ തിരിച്ചുവരാനുള്ള കാരണവും ഇതു തന്നെ. അഗോള എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ പോലും മാസങ്ങളോളം ഇന്ധനവില മാറ്റമില്ലാതെ തുടരാൻ ഇന്ത്യയ്ക്കായി. ഇന്ധനവില കുതിച്ചിരുന്നെങ്കിൽ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വില കുതിക്കുമായിരുന്നു. ഇതു ഇന്ത്യയേയും സമ്മർദത്തിൽ ആക്കിയേനെ.

ഇന്ത്യയുടെ ലാഭം

കുറഞ്ഞ നിരക്കിൽ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കി. കിഴിവോടെ ക്രൂഡ് ഇറക്കുമതിയും ആഭ്യന്തര ക്രൂഡിന് വിൻഡ്ഫാൾ ടാക്‌സ് ചുമത്തിയതും വഴി ഇന്ത്യയ്ക്ക് 35,000 കോടി രൂപയുടെ നേട്ടമുണ്ടായെന്നാണു റിപ്പോർട്ട്. നിലവിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് റഷ്യ. ചൈന കഴിഞ്ഞാൽ റഷ്യൻ ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയിൽ വീണ്ടും കൊവിഡ് ലോക്ക്ഡൗൺ ശക്തമായതോടെ റഷ്യ- ഇന്ത്യ ഇടപാടുകൾ പുതിയ ഉയരത്തിലേക്ക് കുതിക്കുമെന്നാണു സൂചന. ആഗോള എണ്ണവില കുറഞ്ഞുവരുന്നതും ഇന്ത്യയ്ക്കു നേട്ടമാണ്. കാരണം ആഗോള എണ്ണവില കുറയുന്നതിനനുസരിച്ചു റഷ്യയിൽ നിന്നു ലഭിക്കുന്ന എണ്ണയുടെ വിലയും കുറയും.

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി

ഏപ്രിൽ- ജൂലൈ മാസത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് 11.2 ബില്യൺ മിനറൽ ഓയിൽ ഇറക്കുമതി ചെയ്തു. മുൻവർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഇറക്കുമതിയിലുണ്ടായ വർധന 8 മടങ്ങാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് മുതൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചിരുന്നു. രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികളാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് ചെലവ് കുറയ്ക്കാനും കറണ്ട് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനും ഇന്ത്യയെ സഹായിച്ചു. ഇത് ഇറക്കുമതി ബിൽ കുറയ്ക്കുകയും ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു.

രൂപയ്ക്കും നേട്ടം

യുഎസ് ഡോളറിനു മുമ്പിൽ ഒരു പരിധിവരെ ഇന്ത്യ പിടിച്ചു നിൽക്കാനുള്ള കാരണവും എണ്ണയും, റഷ്യയും തന്നെയാണ്. മറ്റു രാജ്യങ്ങളുടെ കറൻസികൾ ഡോളറിനു മുന്നിൽ മുട്ടുമടക്കിയപ്പോഴും രൂപ കരുത്തു കാണിച്ചിരുന്നു. ഇന്ത്യയുമായി ഡോളറിനു പകരം റൂബിൾ- രൂപ വിനിമയം സാധ്യമാക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്. ഇന്ത്യ രാജ്യാന്തരതലത്തിൽ തല ഉയർത്തി നിൽക്കാനുള്ള മൂലകാരണം റഷ്യ- യുക്രൈൻ യുദ്ധത്തിൽ തുടങ്ങി എന്നു വേണം കരുതാൻ.