Sunday
21 December 2025
20.8 C
Kerala
HomeKeralaവെമ്പായത്ത് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

വെമ്പായത്ത് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു

തിരുവനന്തപുരം വെമ്പായത്ത് ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കഴിഞ്ഞ മാസം 30 ന് കാണാതായ വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജ (26)യുടെ മൃതദേഹമാണ് ഇതെന്ന് പോലീസ് നൽകുന്ന സൂചന. വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 31 ന് അനുജയെ കാണാനില്ലെന്ന് അമ്മ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് വീടിനടുത്തുള്ള കിണറ്റിൽ ഇന്നലെ വൈകുന്നേരത്തോടെ അനുജയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് രാവിലെ പോലീസും ഫയർഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേതാണെന്ന് മനസ്സിലാക്കിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പോലീസ് വ്യക്തമാക്കി.

വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനൂജയെ കാണാതായത്. അനൂജ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്നാണ് വീട്ടുകാർ നൽകിയ വിവരം. അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments