ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ 12 മരണം. ലക്‌നൗവില്‍ സൈനിക കേന്ദ്രത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ഒമ്ബത് പേര്‍ മരിച്ചു. ഒരാളെ അവശിഷ്ടങ്ങള്‍ക്കടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. ഉന്നാവോയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് കുട്ടികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
ദില്‍കുഷ മേഖലയില്‍ സൈനിക കേന്ദ്രത്തിന്റെ പുറത്ത് കുടില്‍ കെട്ടി കഴിഞ്ഞിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രാത്രി മുഴുവന്‍ നീണ്ട മഴയില്‍ മതില്‍ നിലംപതിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ സ്ഥലത്തെത്തിയ പോലീസ് ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒമ്ബത് മൃതദേഹങ്ങളും ഒരാളെ ജീവനോടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തുവെന്നു പോലീസ് ജോയിന്റ് കമ്മീഷണര്‍ പിയുഷ് മോര്‍ദിയ പറഞ്ഞു.
ഉന്നാവോയിലുണ്ടായ ദുരന്തത്തില്‍ 20 വയസ്സുള്ളയാളും 4,6 വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. കുട്ടികളുടെ അമ്മയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കനത്ത മഴ പ്രവചിച്ചിരിക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ലക്‌നൗവില്‍ പലയിടത്തും വെള്ളം ഉയര്‍ന്നു. അടിയന്തര സാഹചര്യമില്ലാത്ത എല്ലാ ഓഫീസുകളും അടച്ചിടണമെന്ന് കണ്ണീഷണര്‍ നിര്‍ദേശം നല്‍കി.
ഉത്തപ്രദേശിലെ ഝാന്‍സി, ഒറെയ്, ലക്‌നൗ, കാണ്‍പൂര്‍, ബഹ്‌റെയ്ച് എന്നീ ജില്ലകളിലെല്ലാം കനത്ത മഴയാണ് ലഭിക്കുന്നത്. ബറേലി, പിലിഭിത്ത്, ബദൗണ്‍, ഷാജഹാന്‍പുര്‍, മെയിന്‍പുരി, ഹര്‍ദോയ്, സിതാപൂര്‍, ലക്‌നൗ, കാണ്‍പുര്‍, പ്രയാഗ്‌രാജ് എന്നിവിടങ്ങളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.