ഗണേശ ചതുർത്ഥി ഘോഷയാത്രയ്‌ക്കിടെ അതിതീവ്ര ലേസർ ലൈറ്റുകളുടെ വെളിച്ചത്തിൽ നൃത്തം ചെയ്തത് മൂലം 65 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ആഘോഷത്തിന് മാറ്റുകൂട്ടാൻ മാനദണ്ഡങ്ങൾ പാലിക്കാതെ ലേസർ ലൈറ്റടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ദീർഘനേരം ലൈറ്റ് കണ്ണിലടിച്ചത് ഹോർമോൺ വ്യതിയാനത്തിനും ഹൈപ്പോഗ്ലൈസീമിയയ്ക്ക് സമാനമായ സാഹചര്യത്തിനും കാരണമായെന്ന് കോലാപ്പൂർ ഡിസ്ട്രിക്‌ട് ഒഫ്താൽമോളജിസ്റ്റ് അസോസിയേഷൻ ഭാരവാഹി ഡോ. അഭിജിത് ടാഗാരെ പറഞ്ഞു.
ഇതിന്റെ വെളിച്ചത്തിൽ മണിക്കൂറുകളോളം നൃത്തം ചെയ്തത് റെറ്റിനയിൽ രക്തസ്രാവത്തിന് ഇടയാക്കുകയും ഇത് കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10-12 ദിവസത്തിനിടെയാണ് സംഭവം. കോലാപ്പൂരിൽ മാത്രം കുറഞ്ഞത് 65 പേർക്കാണ് കാഴ്ച പോയത്. ഇതിൽ കൂടുതലും യുവാക്കളാണെന്ന് ഡോ. ടാഗാരെ പറഞ്ഞു.
കണ്ണിൽ നീർവീക്കം, ക്ഷീണം, വരൾച്ച, തലവേദന എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ. ഇത്തരം സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്തുകയാണ് ഏക വഴി. എന്നാൽഇത് ചെലവേറിയതാണെന്ന് ടാഗാരെ പറഞ്ഞു.
ഉയർന്ന തീവ്രതയുള്ള ലേസർ ലൈറ്റുകൾ മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായാണ് സാധാരണ ഉപയോഗിക്കുക. ഇവ അലസമായി ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. ലേസർ ലൈറ്റ് നിർമ്മാതാക്കൾ തന്നെ അവയുടെ ഉപയോഗത്തെക്കുറിച്ച് നിർദേശങ്ങൾ നൽകുന്നുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്ടിൽ താഴെയായിരിക്കണം, ലൈറ്റുകൾ ഒരു സ്ഥലത്ത് ദീർഘനേരം ഫോക്കസ് ചെയ്യരുത്, മനുഷ്യന്റെ കണ്ണിലേക്ക് അടിക്കരുത് തുടങ്ങിയവ ഇതിൽ പ്രധാനമാണ്. എന്നാൽ, ഘോഷയാത്ര കെങ്കേമമാക്കാൻ ലേസറുകൾ പരമാവധി തീവ്രതയിൽ ഉപയോഗിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത് -അദ്ദേഹം പറഞ്ഞു.