റഷ്യയുടെ യുക്രൈൻ അധിനിവേശം ഏഴ് മാസങ്ങൾക്ക് ശേഷം പുതിയൊരു വഴിത്തിരിവിലെത്തി നിൽക്കേ, യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കി തലസ്ഥാനമായ കീവിൽ വച്ചുണ്ടായ അപകടത്തിൽപ്പെട്ടു. റഷ്യയുടെ കൈയിൽ നിന്നും തിരിച്ച് പിടിച്ച ഇസിയം നഗരം സന്ദർശിച്ച് മടങ്ങവേ തലസ്ഥാനമായ കീവിൽ വച്ച് ഒരു വാഹനം അദ്ദേഹം സഞ്ചരിച്ച കാറിൽ അമിതവേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിന്നും വോളോഡിമർ സെലെൻസ്കി അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രസിഡൻറിനോടൊപ്പം സഞ്ചരിച്ചിരുന്ന ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചെന്നും അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ലെന്നും സെലൻസ്‌കിയുടെ വക്താവ് സെർജി നിക്കിഫോറോവ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ, പ്രസിഡൻറിൻറെ വാഹനം ഓടിച്ചിരുന്ന ഡ്രൈവരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 24 ന് റഷ്യ ആരംഭിച്ച യുക്രൈൻ അധിനിവേശം ഏഴാം മാസത്തിലേക്ക് കടക്കവേ റഷ്യൻ സൈന്യം കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങുന്നത്. ആദ്യഘട്ടങ്ങളിൽ റഷ്യയ്ക്കുണ്ടായിരുന്ന മേൽക്കൈ ഇപ്പോൾ യുദ്ധമുഖത്തില്ലെന്നും യുക്രൈൻറെ മുന്നേറ്റത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ റഷ്യൻ പട്ടാളം പിന്തിരിഞ്ഞ് ഓടുകയാണെന്നും കഴിഞ്ഞ ആഴ്ചകളിൽ റിപ്പോർട്ടുണ്ടായിരുന്നു.
റഷ്യ കീഴടക്കിയിരുന്ന ഏതാണ്ട് 8000 ചതുരശ്ര കിലോമീറ്റർ പ്രദേശം തിരിച്ച് പിടിച്ചതായി യുക്രൈൻ അവകാശപ്പെട്ടിരുന്നു. യുക്രൈൻറെ കിഴക്കൻ നഗരമായി ഇസിയം കഴിഞ്ഞ ദിവസമാണ് റഷ്യൻ സൈന്യത്തിൽ നിന്നും യുക്രൈൻ തിരിച്ച് പിടിച്ചത്. ഇസിയത്തിൻറെ വിജയം ആഘോഷിച്ച് സൈനികരെ സന്ദർശിച്ച് മടങ്ങവേ, തലസ്ഥാനമായ കീവിൽ വച്ചാണ് പ്രസിഡൻറിൻറെ വാഹവ്യൂഹത്തിന് നേർക്ക് ഒരു കാർ അമിതവേഗതയിൽ വന്ന് ഇടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ യുക്രൈൻ സൈന്യം റഷ്യൻ വിമതർക്ക് മേൽക്കൈയുള്ള ഡോൺബാസിന് സമീപത്ത് പോരാട്ടത്തിലാണ്.
റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന് നേരെ രണ്ട് മാസം മുമ്പ് വധശ്രമമുണ്ടായിരുന്നെന്നും എന്നാൽ ഇത് പരാജയപ്പെട്ടെന്നും യുക്രൈൻറെ ഉന്നത സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ കൈറിലോ ബുഡനോവ് വെളിപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് സെലെൻസ്കിക്കെതിരെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്. അപകടം കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുമെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു