Tuesday
30 December 2025
31.8 C
Kerala
HomeKeralaതെരുവുനായ ശല്യം: വാക്‌സിനേഷൻ യജ്ഞം ഇന്ന് തുടങ്ങും

തെരുവുനായ ശല്യം: വാക്‌സിനേഷൻ യജ്ഞം ഇന്ന് തുടങ്ങും

തീരുമാനിച്ചതിലും നേരത്തേ തദ്ദേശ സ്ഥാപനങ്ങളിൽ തീവ്ര വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. 20ന് ആരംഭിക്കുമെന്നായിരുന്നു ഔദ്യോ​ഗിക തീരുമാനം. ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ വ്യാഴാഴ്ചയും കൊല്ലം കോർപറേഷനിൽ വെള്ളിയാഴ്ചയും തിരുവനന്തപുരം കോർപറേഷൻ ‍ഞായറാഴ്ചയും യജ്ഞം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ വളർത്തുനായകൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.

തെരുവുനായ ശല്യം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഭരണസമിതി യോ​ഗം വ്യാഴംമുതൽ ചേരും. ഇതിൽ പ്രോജക്ട് ഭേദഗതിയും ആക്ഷൻ പ്ലാനും തീരുമാനിക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗവും വിളിക്കും. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കാൻ ശ്രമിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്ക് പഞ്ചായത്തിന് ഒരു കേന്ദ്രമാകും. സജ്ജമായ കേന്ദ്രങ്ങൾ ഉടൻ തുറക്കും.

നായക്കുഞ്ഞുങ്ങൾക്ക് വാക്സിനേഷനും എബിസിയും നടത്താൻ നടപടിയെടുക്കും. നായകളെ പിടികൂടാൻ സജ്ജരായ സന്നദ്ധപ്രവർത്തകരുടെ കണക്കെടുപ്പ് കുടുംബശ്രീ ആരംഭിച്ചു. ഇവർക്ക് വെറ്ററിനറി സർവകലാശാല പരിശീലനം നൽകും. സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥികളെ പദ്ധതിക്ക് ഉപയോഗിക്കും. തെരുവുനായകളെ പാർപ്പിക്കാനുള്ള ഷെൽട്ടറുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. ഇതിന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും. ഹോട്ട്സ്പോട്ടുകൾ നിർണയിച്ച് നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ്‌ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments