അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തു

0
69

മരണാനന്തര അവയവദാനത്തിലൂടെ എന്നും സമൂഹത്തിന്റെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന വിനോദിന്റെയും അമ്പിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പ്രതീക്ഷകളുടെ പുതു ജീവിതത്തിലേക്ക്. കർണാടക സ്വദേശിയായ അമരേഷിനും (25), ഇറാഖി പൗരനായ യൂസിഫ് ഹസൻ സയീദ് അൽ സുവൈനിയ്ക്കും (29) കൊച്ചി അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ വിജയകരമായി കൈകൾ തുന്നിച്ചേർത്തത്. കർണാടകയിലെ ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിൽ (ജെസ്‌കോം) ജൂനിയർ പവർമാൻ ആയ അമരേഷിന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായത്.

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ കരങ്ങളാണ് കൊച്ചി അമൃത ആശുപത്രിയിൽ 18 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്തത്. വിനോദ് സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2022 ജനുവരി 4 ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് വിനോദിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയും സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതി വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.

അവിവാഹിതനായ അമരേഷിന് 2017 സെപ്തംബറിലാണ് ഇലക്ട്രിക് ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റത്. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ അമരേഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കുന്നതായി ഡോക്ടർമാർക്ക് ഇരു കൈകളും മുറിച്ചുമാറ്റേണ്ടി വന്നു. ഇടതു കൈ തോളിനോട് ചേർന്നുള്ള ഭാഗത്തും വലതുകൈ കൈമുട്ടിന്റെ ഭാഗത്തു വച്ചുമാണ് മുറിച്ചു നീക്കിയത്. പിന്നീട് കൈകൾ ഇല്ലാത്തതിന്റെ വിഷമതകളുമായി ജീവിക്കുമ്പോഴാണ് കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെപ്പറ്റി അമരേഷ് അറിയുന്നത്. തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ എത്തുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ് (കെഎൻഒഎസ്) വഴി 2018 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത അമരേഷ് തുടർന്നിങ്ങോട്ട് വർഷങ്ങളായി അനുയോജ്യനായ ഒരു ദാതാവിനായുള്ള കാത്തിരിപ്പിലായിരുന്നു.

2022 ജനുവരി 5 ന് അമരേഷിന്റെ ഈ കാത്തിരിപ്പ് സഫലമായി. അമൃത ആശുപത്രിയിലെ സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രകറ്റീവ് സർജറി വിഭാഗത്തിലെ ഡോ. സുബ്രഹ്‌മണ്യ അയ്യർ, ഡോ. മോഹിത് ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് 20 സർജൻമാരും 10 അനസ്‌തേഷ്യ വിദഗ്ധരും ഉൾപ്പെടുന്ന സംഘം മണിക്കൂറുകളോളം സമയമെടുത്ത് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.