ഇന്ത്യയുൾപ്പടെ തേടുന്ന കൊടും ഭീകരൻ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കണ്ടെത്താൻ താലിബാന്റെ സഹായം തേടി പാകിസ്ഥാൻ. പാകിസ്ഥാനിൽ ഏറെ നാളായി സുഖജീവിതം നയിച്ച മസൂദിനെ യുഎൻ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പാകിസ്ഥാന് പരസ്യമായി തള്ളിപ്പറയേണ്ടി വന്നത്. ഭീകരൻമാരെ സംരക്ഷിച്ചാൽ വിദേശത്ത് നിന്നും വായ്പയടക്കമുള്ള സഹായങ്ങൾ ലഭിക്കില്ലെന്നതാണ് താലിബാന്റെ സഹായം തേടാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. മസൂദ് അസ്ഹറിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് താലിബാന് കത്തെഴുതിയത്. ഭീകരൻ അഫ്ഗാനിൽ ഒളിവിൽ കഴിയുന്നു എന്നാണ് പാകിസ്ഥാന്റെ വാദം.
യുഎൻ ഭീകരനായി പ്രഖ്യാപിച്ചതോടെയാണ് മസൂദ് അസറിനെതിരെ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ പാശ്ചാത്യ ശക്തികളുടെ സമ്മർദ്ദമുണ്ട്. അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലോ കുനാർ പ്രവിശ്യയിലോ മൗലാന മസൂദ് അസ്ഹർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പാക് അധികൃതർ നൽകുന്ന വിവരം. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക്കിൽ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്റെ സ്ഥാനം. ഇതിൽ നിന്നും പുറത്ത് കടക്കണമെങ്കിൽ പാകിസ്ഥാന് ഭീകരരെ പൂട്ടിയേ കഴിയു.
2019 ഫെബ്രുവരിയിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ട പുൽവാമ ചാവേർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്ഹർ. മുൻപ് ഇന്ത്യയിൽ അറസ്റ്റിലായ ഇയാളെ 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്താണ് മോചിപ്പിച്ചത്. 2019 ഫെബ്രുവരിയിൽ ജമ്മു കാശ്മീരിലെ പുൽവാമ ആക്രമണത്തിന് ശേഷമാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ശക്തമായ നടപടികളാണ് യു എന്നിൽ ഇത് സാദ്ധ്യമാക്കിയത്.