മധ്യപ്രദേശിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ ജെസിബി കയ്യിൽ കിടത്തി ആശുപത്രിയിലെത്തിച്ചു

0
51

മധ്യപ്രദേശിലെ കട്നിയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ ജെസിബി കയ്യിൽ കിടത്തി ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് കൃത്യസമയത്ത് അപകടസ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് ജെസിബിയിൽ കയറ്റാൻ തീരുമാനിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആരോഗ്യവകുപ്പിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

ബർഹിയിലെ ഖിതൗലി റോഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് ഒരാൾക്ക് പരിക്കേറ്റത്. ഇയാളുടെ കാലിന് ഒടിവുണ്ടായിട്ടുണ്ട്. തുടർന്ന് 108 ആംബുലൻസിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. സേവനങ്ങൾ നൽകുന്ന ബന്ധപ്പെട്ട ഏജൻസി മാറിയെന്നായിരുന്നു വാദം. തുടർന്ന് അടുത്തുള്ള പട്ടണത്തിൽ നിന്ന് ആംബുലൻസ് വരുത്തുകയായിരുന്നു. പുതിയ ആംബുലൻസിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ പ്രദീപ് മുധിയ പറഞ്ഞു.

ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ മൂന്ന് നാല് ഓട്ടോ റിക്ഷാ ഡ്രൈവർമാരോട് സഹായം തേടിയെന്ന് പഞ്ചായത്ത് അംഗവും ജെസിബി ഉടമയുമായ പുഷ്‌പേന്ദ്ര വിശ്വകർമ പറഞ്ഞു. എന്നാൽ ഇവർ സഹായിക്കാൻ വിസമ്മതിച്ചതിനാൽ പരിക്കേറ്റയാളെ ജെസിബി ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കേണ്ടി വന്നുവെന്ന് അദ്ദേഹം ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. പുഷ്‌പേന്ദ്രയുടെ കടയ്ക്ക് മുന്നിലായിരുന്നു അപകടം.

എന്നാൽ, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. കഴിഞ്ഞ മാസം, കനത്ത വെള്ളപ്പൊക്കത്തിൽ ആംബുലൻസ് സ്ഥലത്തെത്താൻ കഴിയാതെ വന്നതിനെത്തുടർന്ന് ഗർഭിണിയെ ജെസിബിയിൽ ആശുപത്രിയിലെത്തിച്ചിരുന്നു. മധ്യപ്രദേശിലെ നീമാച്ച് ജില്ലയിലായിരുന്നു സംഭവം.