അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും സാക്ഷികള്‍ കൂറുമാറുന്നു. കേസിലെ 29-ാം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി. അതേസമയം ഇന്നലെ സാക്ഷികളായ വിജയകുമാര്‍, രാജേഷ് എന്നിവര്‍ മൊഴിയില്‍ ഉറച്ചുനിന്നു. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാര്‍. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.
അട്ടപ്പാടി മധുവധക്കേസില്‍ ആഗസ്റ്റ് 13 മുതലാണ് വിചാരണ പുനഃരാരംഭിച്ചത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ കേസിലെ വിചാരണ നീളുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയര്‍ന്നത്.
2018 മെയ് മാസത്തില്‍ തന്നെ 300 പേജുകളുള്ള കുറ്റപത്രം മണ്ണാര്‍ക്കാട്ടെ എസ്സി, എസ്ടി പ്രത്യേക കോടതിയില്‍ എത്തി. എന്നാല്‍ കേസില്‍ ഹാജരായ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറുകയായിരുന്നു. 2022 ഏപ്രില്‍ 28ന് കേസിന്റെ വിചാരണ ആരംഭിച്ചു. മധുവിനെ മര്‍ദ്ദിച്ചത് കണ്ടെന്ന് മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനാന്നൊം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു. അതിനു പിന്നാലെ മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറുന്ന കാഴ്ചകള്‍ക്കും കോടതി വേദിയായി.