കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ നിർമ്മിത ബുദ്ധി ഉപയോ​ഗിച്ച് നവീകരിക്കാനൊരുങ്ങി സർക്കാർ

0
79

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നിർമ്മിത ബുദ്ധിയുപയോഗിച്ച് നവീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മാനസികാരോ​ഗ്യ കന്ദ്രം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അന്തേവാസികൾ ചാടിപ്പോകുന്നത്. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഇതിനൊരു പരിഹാരം കാണാനാണ് നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

നിർമ്മിത ബുദ്ധിയുപയോ​ഗിച്ച് നവീകരിക്കുന്നതിന്റെ വിശദ പദ്ധതിരേഖ തയ്യാറാക്കാൻ പാലക്കാട് ഐ ഐ ടിയിൽ നിന്നുള്ള വിദഗ്ധ സംഘം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ഇത്തരത്തിൽ നവീകരിക്കുന്ന രാജ്യത്തെ ആദ്യ മാനസികാരോഗ്യ കേന്ദ്രമാകാനൊരുങ്ങുകയാണ് കോഴിക്കോട് കുതിരവട്ടം. അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായതോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തു ചെയ്യാനാകുമെന്ന ചിന്തയിലാണ് പുതിയ ആശയം ഉടലെടുത്തത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സർക്കാരിന് സമർപ്പിച്ചു. വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഐ ഐ ടിയിലെ വിദഗ്ധ സംഘം കുതിരവട്ടം സന്ദർശിച്ചു.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങൾ മനസിലാക്കും. ഡീപ് ന്യൂറൽ നെററ് വർക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ പ്രവർത്തികൾ ജയിൽ ചാടൽ, മറ്റു രോഗികളെ ഉപദ്രവിക്കൽ എന്നിവ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കും.ഇതിനായി വാർഡുകളിൽ ക്യാമറകൾ സ്ഥാപിക്കും.

രോഗികളിലെ മാറ്റം വേഗത്തിൽ തിരിച്ചറിയുമെന്നതിനാൽ മികച്ച പരിചരണം നൽകാനും കഴിയും. ആറു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത ദിവസം ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ഐ ഐ ടി സംഘം തുടർ നടപടികൾ ചർച്ച ചെയ്യും.