സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓണക്കാലത്ത് ചെലവ് ഉയർന്നതിന്റെ പ്രയാസങ്ങളുണ്ട്. എന്നാൽ ഓണത്തിനുശേഷവും ഖജനാവ് സുരക്ഷിതമാണ്. കേരളം ഓവർ ഡ്രാഫ്‌റ്റിൽ എത്തിയിട്ടില്ല. അത്തരം സാഹചര്യം ഉണ്ടാവുകയുമില്ല. കേന്ദ്രസർക്കാരിന്റെ ചില നിലപാടുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാ സംസ്ഥാനങ്ങളെയും ശ്വാസംമുട്ടിക്കുന്ന കേന്ദ്രം, സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതവും വെട്ടിക്കുറച്ചു.
വിദേശയാത്ര പഠനത്തിന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും യൂറോപ്പിലേക്ക് പോകുന്നതിൽ തെറ്റില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാലഗോപാൽ പ്രതികരിച്ചു. കാര്യങ്ങൾ പഠിക്കാനാണ് വിദേശയാത്ര. കേരളം ദരിദ്രമല്ല.
പഠനത്തിന് കർഷകരെ വിദേശത്തുകൊണ്ടുപോകാൻ പണം നീക്കിവച്ച സർക്കാരാണ് കേരളത്തിലേത്. വിദേശയാത്രകളും പഠനവും ഒക്കെ സംസ്ഥാനത്തിന് അനിവാര്യമാണ്. ഇക്കാര്യങ്ങളല്ല, യഥാർഥത്തിൽ ചർച്ചയാക്കേണ്ടത്. കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചർച്ചയാകേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു.