Monday
12 January 2026
23.8 C
Kerala
HomeKeralaഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ക്യാമ്പെയിൻ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ക്യാമ്പെയിൻ

വർധിച്ച് വരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സംസ്ഥാനത്തുടനീളം യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ക്യാമ്പെയിൻ സംഘടിപ്പിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് യുവജന കമ്മീഷൻ പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിന് നേതൃത്വം നൽകുന്നത്. കലാലയങ്ങൾ, ക്ലബ്ബുകൾ, യുവജനങ്ങൾക്ക് പ്രാധാന്യമുള്ള മറ്റ് ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ബോധവത്കരണം വ്യാപിപ്പിക്കുകയെന്ന് ചിന്താ ജെറോം വ്യക്തമാക്കി.

തട്ടിപ്പുകൾ തടയുന്നതിനായി സൈബർ ഡോമിന്റെ കീഴിൽ ഒരു പ്രത്യേക ടീമിനെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ശുപാർശ നൽകുമെന്നും ചിന്താ ജെറോം വയനാട്ടിൽ പറഞ്ഞു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ നിന്നും ലഭിച്ച പരാതിയിൽ കമ്മീഷൻ പോലീസ് റിപ്പോർട്ട് തേടി. മൊബൈൽ ആപ്ലിക്കേഷനിലൂടെ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ അദാലത്തിൽ സൈബർ വിഭാഗം ഉദ്യോഗസ്ഥർ കമ്മീഷന് കൈമാറി.

യുവജനങ്ങളിലെ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന വിമുക്തി മിഷനുമായി സഹകരിച്ച് കമ്മീഷൻ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ബാങ്ക് വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടുളള പരാതിയിൽ ബാങ്ക് മാനേജർമാർ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ ഉൾപ്പടെയുള്ള നടപടികൾ കമ്മീഷൻ സ്വീകരിച്ചു.

ജില്ലാതല അദാലത്തിൽ 20 കേസുകൾ യുവജന കമ്മീഷൻ പരിഗണിച്ചു. 16 കേസുകൾ തീർപ്പാക്കി. 4 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയ പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മീഷനംഗങ്ങളായ കെ.റഫീഖ്, കെ.കെ വിദ്യ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments