അട്ടപ്പാടി മധുവധക്കേസ്: വിചാരണ ഇന്ന് മുതൽ

0
69

അട്ടപ്പാടി മധുവധക്കേസിൽ ഇന്നു മുതൽ വിചാരണ പുനഃരാരംഭിക്കും. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെ കേസിലെ വിചാരണ നീളുകയായിരുന്നു. ആഗസ്റ്റ് 31 നകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു നിർദേശം. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാൻ ആണ് തീരുമാനം.

പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഇതിൽ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാൽ കേസിലെ നടപടികൾ ഇനിയും നീളും. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ ഇതുവരെ 13 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിൽ കൂടിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്

കൂട്ട കൂറുമാറ്റത്തിൽ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും സമുഹത്തിൽ നിന്നും ഉയർന്നു വരുന്നുണ്ട്. കൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും വിചാരണ നടത്താൻ സിആർപിസി 311സെക്ഷൻ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. മധുവിന്റെ കേസിൽ ഇതിനുള്ള സാഹചര്യവുമുണ്ട്. നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യമുന്നയിക്കുകയും ചെയ്യാം. എന്നാൽ ഇതിന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിർദ്ദേശം വേണമെന്നുള്ളതാണ് പ്രധാനം.

2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മർദ്ദനം. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയർന്നത്.

2018 മെയ് മാസത്തിൽ തന്നെ 300 പേജുകളുള്ള കുറ്റപത്രം മണ്ണാർക്കാട്ടെ എസ്‌സി, എസ്ടി പ്രത്യേക കോടതിയിൽ എത്തി. എന്നാൽ കേസിൽ ഹാജരായ രണ്ട് പ്രോസിക്യൂട്ടർമാർ അലവൻസുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറുകയായിരുന്നു. 2022 ഏപ്രിൽ 28ന് കേസിന്റെ വിചാരണ ആരംഭിച്ചു. മധുവിനെ മർദ്ദിച്ചത് കണ്ടെന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴിനൽകിയ പത്താം സാക്ഷി ഉണ്ണികൃഷ്ണൻ, പതിനാന്നൊം സാക്ഷി ചന്ദ്രൻ എന്നിവർ മൊഴിമാറ്റിപ്പറയുകയായിരുന്നു. അതിനു പിന്നാലെ മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറുന്ന കാഴ്ചകൾക്കും കോടതി വേദിയായി.