തുർക്കി ചരക്കുകപ്പലിന് നേരെ ഗ്രീക്ക് തീരസംരക്ഷണ സേനയുടെ കപ്പലിൽനിന്ന് വെടിയുതിർത്തു. ഈജിയൻ കടലിൽ തുർക്കിഷ് ദ്വീപായ ബോസ്കാഡക്ക് 11 നോട്ടിക്കൽ മൈൽ (20 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം. ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവത്തിന് ശേഷം തുർക്കിയ തീരസംരക്ഷണസേനയുടെ കപ്പൽ പ്രദേശത്തേക്ക് എത്തിയെങ്കിലും ഗ്രീക്ക് കപ്പൽ സ്ഥലം വിട്ടിരുന്നു. സംശയസാഹചര്യത്തിൽ നീങ്ങിയ കപ്പലിനു നേരെ മുന്നറിയിപ്പ് വെടിയുതിർത്തതാണെന്ന് ഗ്രീക്ക് തീരസംരക്ഷണ സേന പ്രതികരിച്ചു. ചരക്കുകപ്പലിൽ പരിശോധന നടത്താനുള്ള ആവശ്യം കപ്പിത്താൻ വിസമ്മതിച്ചതാണ് പ്രകോപനം.
തുർക്കിയിൽനിന്ന് ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് അഭയാർഥികൾ പോകാറുള്ള സമുദ്രപാതയാണിത്. ഇവിടെ സംശയമുള്ള കപ്പലുകൾ പരിശോധിക്കുന്നത് പതിവാണെന്ന് ഗ്രീക്ക് തീരസംരക്ഷണ സേന പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ട്.