ഇന്ത്യയുടെ സാമ്ബത്തിക നയം ഗുണകരമായിയെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്‍

0
194

സാമ്ബത്തിക രംഗത്ത് ഇന്ത്യ കൈക്കൊണ്ട വിവേകപൂർണ്ണമായ നയങ്ങളും നീക്കങ്ങളും സാമ്ബത്തിക വളർച്ചയിലും കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിലും വലിയ തോതിൽ ഗുണം ചെയ്‌തെന്ന് പ്രമുഖ സാമ്ബത്തിക സ്ഥാപനം മോർഗൻ സ്റ്റാൻലി.

2022-23ൽ ഇന്ത്യയുടെ സാമ്ബത്തിക വളർച്ച ശരാശരി ഏഴു ശതമാനമായിത്തന്നെ തുടരുമെന്നും ഇത് ലോകത്തെ വലിയ സമ്ബദ് വ്യവസ്ഥകളിൽ ഏറ്റവും ശക്തമായ ഒന്നായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യയുടെ സാമ്ബത്തിക വളർച്ചയിൽ 28 ശതമാനവും ലോകത്തിന്റെ വളർച്ചയിൽ 22 ശതമാനവും ഇന്ത്യയുടെ പങ്കായിരിക്കും. ഏഷ്യയിൽ ഏറ്റവും മികച്ച നിലയിൽ നിൽക്കുന്ന സമ്ബദ് വ്യവസ്ഥ ഇന്ന് ഇന്ത്യയാണ്. ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ വഴി ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയുടെ മടങ്ങി വരവ് ശക്തമായി തുടരും. എന്നാൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും അമേരിക്കയും കൈക്കൊണ്ട സാമ്ബത്തിക നയങ്ങൾ അവർക്കു തിരിച്ചടിയായതായും റിപ്പോർട്ടിൽ എടുത്തു പറയുന്നു. അഭൂതപൂർവ്വമായ വിലക്കയറ്റവും താഴേക്കുള്ള വളർച്ചയുമാണ് ഈ രാജ്യങ്ങൾ നേരിടുന്ന ഇരട്ട തിരിച്ചടി, മോർഗൻ സ്റ്റാൻലി റിപ്പോർട്ടിൽ പറയുന്നു.

റഷ്യൻ-ഉക്രൈൻ യുദ്ധം പാശ്ചാത്യ രാജ്യങ്ങൾക്ക് വലിയ വിനയായി. കൊവിഡ് കാലത്ത് സാമ്ബത്തിക ഉത്തേജനത്തിനെന്ന പേരിൽ വൻതോതിൽ പണം വിപണിയിൽ ഇറക്കിയതും തിരിച്ചടിച്ചു. സാമ്ബത്തിക വളർച്ച മന്ദീഭവിച്ച സമയത്ത് ഈ നടപടി വലിയ നാണയപ്പെരുപ്പത്തിനാണ് വഴിതുറന്നത്. ഇവരെ ഉപദേശിച്ച സാമ്ബത്തിക വിദഗ്ധർ, പാശ്ചാത്യ രാജ്യങ്ങളുടെ രീതി പിന്തുടരാൻ ഇന്ത്യയേയും ഉപദേശിച്ചിരുന്നു. മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ പതിനഞ്ച് ശതമാനം വരെ സാമ്ബത്തിക ഉത്തേജനത്തിന് ചെലവിടാനാണ് ചില അന്താരാഷ്ട്ര സാമ്ബത്തിക വിദഗ്ധർ ഉപദേശിച്ചത്. ഇത്തരം ‘വിദഗ്‌ധോപദേശങ്ങൾ’ ധാരാളം ലഭിച്ചിട്ടും ഇന്ത്യൻ സർക്കാർ വിവേകത്തോടെയുള്ള നടപടികളാണ് കൈക്കൊണ്ടത്.

അനിയന്ത്രിതമായ നാണയപ്പെരുപ്പം ഇന്ത്യൻ സമ്ബദ് വ്യവസ്ഥയിലുണ്ടാക്കാവുന്ന അപകടത്തെപ്പറ്റി സർക്കാരിന് തികഞ്ഞ ബോധം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഇന്ത്യ വളരെയേറെ ശ്രദ്ധയോടെയാണ് പണം ചെലവഴിച്ചത്. സാമ്ബത്തിക സഹായം വേണ്ട വിഭാഗങ്ങൾക്ക് മാത്രമാണ് സാമ്ബത്തിക ഉത്തേജനം നൽകിയത്. നാണയപ്പെരുപ്പത്തിന്റെ (വിലക്കയറ്റം) ഏറ്റവും കുറഞ്ഞ റിസ്‌ക്കു മാത്രമുള്ള ലോകത്തെ ഒരേ ഒരു വലിയ രാജ്യമാണ് ഇന്ത്യ. എന്നു മാത്രമല്ല ഈ സാമ്ബത്തിക വർഷത്തെ ആദ്യ ത്രൈമാസ പാദത്തിൽ 13 ശതമാനം വളർച്ച നേടുകയും ചെയ്തു. ഇന്ത്യൻ സർക്കാരും ഉപദേശകരും തികഞ്ഞ സാമ്ബത്തിക വിവേകമാണ് കാട്ടിയത്. ഈ തന്ത്രം അവരെ വലിയ തോതിൽ സഹായിച്ചു. ഇന്ത്യയിലെ ഭരണകർത്താക്കൾ കൈക്കൊണ്ട പരിഷ്‌ക്കാരങ്ങൾ വളർച്ചയ്ക്ക് ഉൽപ്രേരകമായെന്നും റിപ്പോർട്ടിൽ പറയുന്നു.