ഇന്ത്യയിലുള്ള 2 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ

0
60

അടുത്തിടെ നേരിട്ട വൻ തകർച്ചയ്ക്കു ശേഷം ക്രിപ്‌റ്റോ കറൻസികൾ വീണ്ടും ആഗോളതലത്തിൽ സജവമാകുകയാണ്. കൂടുതൽ രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസികളെ അംഗീകരിക്കാനും ഇടപാടുകൾക്ക് അനുമതി നൽകുകയും ചെയ്തതോടെ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വർധിക്കാൻ തുടങ്ങി. ലോകമെമ്പാടും കൂടുതൽ ക്രിപ്റ്റോ എടിഎമ്മുകൾ സജ്ജീകരിക്കുന്ന തിരക്കിലാണു നിലവിൽ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ. ലോകമെമ്പാടും ഇതുവരെ ഇൻസ്റ്റാൾ ചെയ്ത ക്രിപ്റ്റോ എടിഎമ്മുകളുടെ എണ്ണം 39,000 കവിഞ്ഞെന്നാണു Bitcoin.com ന്റെ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.

സാധാരണ ബാങ്ക് എടിഎമ്മുകൾക്കു സമാനമാണു ക്രിപ്‌റ്റോ എടിഎമ്മുകളുടേയും പ്രവർത്തനം. ഇവിടെ രാജ്യങ്ങളുടെ കറൻസികൾ ഉപയോഗിച്ച് ക്രിപ്‌റ്റോ കറൻസികൾ വാങ്ങാനും വിൽക്കാനും സാധിക്കും. ക്രിപ്‌റ്റോ കറൻസികളുമായി ബന്ധപ്പെട്ട അനശ്ചിതത്വം രാജ്യത്തിനകത്ത് തുടരുമ്പോഴും മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിട്ടില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ക്രിപ്‌റ്റോ ബില്ല് അനന്തമായി നീളുന്നത്, ഉയർന്ന നികുതികളും ഒന്നും ഇന്ത്യയിലെ ക്രിപ്‌റ്റോ പ്രചാരത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് ക്രിപ്‌റ്റോ ലോകം. അതാണ് ഇന്ത്യയിലും രണ്ടു ക്രിപ്‌റ്റോ എടിഎമ്മുകൾ സ്ഥാപിക്കാനുള്ള കാരണം. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇന്ത്യയിലും നിലവിൽ രണ്ട് ക്രിപ്‌റ്റോ എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ രണ്ടും ഡൽഹി എൻസിആർ മേഖലയിലാണ് പ്രവർത്തിക്കുന്നത്.

2017 ജനുവരിയിൽ ലോകത്ത് ക്രിപ്റ്റോ എടിഎമ്മുകളുടെ ആകെ എണ്ണം ഏകദേശം 1,000 മാത്രമായിരുന്നു. 2020 ആയപ്പോഴേക്കും ആഗോളതലത്തിൽ എണ്ണം 10,000 ത്തിൽ താഴെയായിരുന്നു. എന്നാൽ നിലവിൽ ലോകത്തെ ക്രിപ്‌റ്റോ എടിഎമ്മുകളുടെ എണ്ണം 39,015 ആണെന്നു കോയിൻ എടിഎം റഡാറിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 78 രാജ്യങ്ങളിലായാണു ഈ എടിഎമ്മുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ, ഡൽഹിയിലെ വർക്ക്‌ലി നെഹ്റു പ്ലേസിലും, മറ്റൊന്ന് ഗുഗുഗ്രാമിലെ മൈഓഫിസ് കോ- വർക്കിംഗ് സ്പെയ്സിലുമാണ് ക്രിപ്‌റ്റോ എടിഎമ്മുകൾ പ്രവർത്തിക്കുന്നത്.

ഏറ്റവും കൂടുതൽ ക്രിപ്റ്റോ എടിഎമ്മുകൾ ഉള്ളത് യുഎസിൽ ആണ്. മൊത്തം ക്രിപ്‌റ്റോ എടിഎമ്മുകളുടെ 87.9 ശതമാനവും, അതായത് ഏകദേശം 34,300 മെഷീനുകളും യുഎസിൽ ആണെന്നു പറയുന്നതാകും ശരി. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും, മൂല്യമുള്ളതുമായ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനെ (Bitcoin – BTC) ലോകത്തിലെ മൊത്തം മെഷീനുകളിൽ 39,000 പിന്തുണയ്ക്കുന്നു. Litecoin (LTC) ആണ് ഏറ്റവും കൂടുതൽ പിന്തുണയുള്ള രണ്ടാമത്തെ ക്രിപ്‌റ്റോ. ഏകദേശം 32,468 എടിഎമ്മുകൾ ലൈറ്റ്‌കോയിനെ പിന്തുണയ്ക്കുന്നു. 29,326 എടിഎമ്മുകൾ പിന്തുണയ്ക്കുന്ന ഈതർ (ETH) ആണ് മൂന്നാം സ്ഥാനത്ത്.

ബിറ്റ്കോയിൻ ഡിപ്പോയാണ് മുൻനിര ക്രിപ്റ്റോ എടിഎം ഓപ്പറേറ്റർ, തുടർന്ന് കോയിൻക്ലൗഡ്, കോയിൻഫ്ലിപ്പ് എന്നിവർ എത്തുന്നുവെന്നു കോയിൻ എടിഎം റഡാർ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 ലെ സംഖ്യകളുമായി താരതമ്യം ചെയ്യുമ്പോൾ, ക്രിപ്റ്റോ എടിഎം ഇൻസ്റ്റാളേഷനുകളുടെ ആകെ എണ്ണം 3,925 ശതമാനം ഉയർന്നിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസികൾക്കു വിപണികളിൽ ലഭിക്കുന്ന ജനസ്വീകാര്യത വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.