ഐഫോണുകൾ ചാർജർ ഇല്ലാതെ വിറ്റഴിച്ചതിന് ടെക് ഭീമനായ ആപ്പിളിന് 24 ലക്ഷം ഡോളർ (ഏകദേശം 19.13 കോടി രൂപ) പിഴ ഈടാക്കി ബ്രസീൽ. ചാർജറില്ലാതെ ഫോൺ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. വിവേചനപരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസുരക്ഷ – നീതി വിഭാഗമാണ് ആപ്പിളിനെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ വകുപ്പും നടപടി സ്വീകരിച്ചതോടെ ഐഫോണിന്റെ 12, 13 മോഡലുകൾ ബ്രസീലിൽ ചാർജറില്ലാതെ വിൽക്കാനാവില്ല.
എല്ലാ ഐഫോൺ 12, 13 മോഡലുകളുടെയും വിൽപന നിരോധിക്കുന്നതാണ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഡിഫൻസ് വകുപ്പിന്റെ നടപടി. പൂർണമല്ലാത്ത ഉൽപന്നം വിറ്റതിനും ഉപഭോക്താവിനോട് വിവേചനം കാണിച്ചതിനും ഉത്തരവാദിത്തം മറ്റുള്ളരുടെ മേൽ വച്ച് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചതിനും ഇക്കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീലിൽ അന്വേഷണം നടന്ന് വരികയാണ്. ഇതിന് മുൻപും ആപ്പിളിന്റെ വിവേചനപരമായ നടപടികൾക്കെതിരെ ബ്രസീൽ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇത്രയും കടുത്ത നടപടി ഇതാദ്യമാണ്.
പാരിസ്ഥിതിക കാരണങ്ങളാണ് ചാർജർ ഒഴിവാക്കിയതിന് ആപ്പിൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് പാരിസ്ഥിതിക കാരണങ്ങളല്ല, വിവേചനം ആണെന്ന് തന്നെ സർക്കാർ ആവർത്തിച്ചു. തുടർന്നാണ് നടപടി. ഐഫോണുകൾ ചാർജറില്ലാതെ വിൽക്കാനുള്ള നീക്കം വഴി എന്ത് പരിസ്ഥിതി സംരക്ഷണമാണ് ആപ്പിൾ നടത്തുന്നതെന്ന് തങ്ങൾക്ക് മനസ്സിലാക്കിത്തരാൻ ആപ്പിളിനു സാധിച്ചിട്ടില്ലെന്ന് നേരത്തേ ബ്രസീലിലെ മറ്റൊരു കോടതിയും പറഞ്ഞിരുന്നു. ചാർജർ ഇല്ലാതെ വിൽക്കാൻ തീരുമാനിച്ചെങ്കിൽ നിങ്ങൾ ഐഫോൺ 12 സീരീസിന്റെ വില അതിനനുസരിച്ചു കുറച്ചോ എന്ന ചോദ്യത്തിനും ആപ്പിൾ മറുപടി നൽകിയില്ല. ചാർജർ കൂടെ നൽകിയാൽ എന്തു വിലവരുമായിരുന്നു എന്ന ചോദ്യത്തിനും ആപ്പിൾ ഉത്തരം നൽകിയിട്ടില്ലെന്നും ബ്രസീലിയൻ അധികാരികൾ പറയുന്നു. ഇതു കൂടാതെ, ആപ്പിളിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന ചില ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇക്കാര്യത്തിലും ആപ്പിൾ സഹായകമായ നിലപാട് കൈക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.
ബ്രസീലിൽ ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ ഇവിടെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ആപ്പിളിനോട് നിയമവിദഗ്ധർ ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ഒക്ടോബറിലാണ് ഐഫോൺ 12 സീരീസ് ചാർജറുകളില്ലാതെ പുറത്തിറക്കിയത്. ഇതോടെ, ആപ്പിൾ എന്താണ് ചെയ്യുന്നതെന്നു നോക്കിയിരിക്കുന്ന പല കമ്പനികളും ആപ്പിളിന്റെ പാത പിന്തുടർന്ന് ചാർജറുകൾ ഇല്ലാതെ ഫോൺ വിൽപനയും തുടങ്ങി. ചാർജറില്ലാതെ വിൽക്കാനുള്ള പ്രധാന കാരണം പരിസ്ഥിതി പ്രശ്‌നങ്ങൾ കുറയ്ക്കാനാണ് എന്ന വിശദീകരണമാണ് ആപ്പിൾ നൽകിയത്. ഈ നീക്കം പരിസ്ഥിതിക്ക് കാര്യമായ ഒരു ഗുണവും ചെയ്യില്ലെന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.