മഹാമാരികൾക്കു ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലം: മുഖ്യമന്ത്രി

0
61

പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്ക് ശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണം വാരാഘോഷ പരിപാടികൾ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ൽ സംസ്ഥാനം മഹാപ്രളയത്തെ നേരിടേണ്ടി വന്നു. 2019-ൽ കാലവർഷക്കെടുതി രൂക്ഷമായിരുന്നു. തുടർന്നുള്ള രണ്ട് വർഷങ്ങൾ കോവിഡ് രൂക്ഷമായ കാലമായിരുന്നു. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും നമുക്ക് ആഘോഷങ്ങൾക്കുള്ള സാഹചര്യമൊരുങ്ങി. കാലാവസ്ഥ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നെങ്കിലും എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണാംശസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ സിനിമാ താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളായി. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, എംപിമാരായ ശശിതരൂർ, എ എ റഹിം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.